RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Welcome To Central Jail - Film Review


ഈ ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിജയ പ്രതീക്ഷയുമായെത്തിയ സിനിമ ആണു വെല്ക്കം ടു സെണ്ട്രൽ ജയിൽ. ദിലീപ് നായകനായ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുന്ദർ ദാസാണു. ബെന്നി പി നായരമ്പലമാണു ചിത്രത്തിന്റെ രചയിതാവ്. ദേവിക ദിലീപിന്റെ നായികയായെത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ , അജു  വർഗീസ്, ഷറഫ്ദീൻ , ഷാജോൺ തുടങ്ങി നിരവധി പേർ അണിനിരക്കുന്നു. 

കഥ

ജയിലിൽ ജനിച്ചവനാണു ഉണ്ണികുട്ടൻ. മാതാപിതാക്കൾ രണ്ട് പേരും ജയിലിൽ ആയതിനാൽ അവിടെ തന്നെയാണു ഉണ്ണി വളർന്നത്. ചെറുപ്പത്തിലേ അഛനും അമ്മയും ജയിലിൽ കിടന്ന് മരിച്ചത് കൊണ്ട് ജയിൽ വിട്ട് ഒരു ജീവിതം അയാൾക്കില്ല. വലുതായപ്പോൾ പുറം ലോകവുമായി ഒരു ബന്ധവും അവശേഷിക്കുന്നില്ലാത്തത് കൊണ്ട് ഉണ്ണി കുട്ടൻ ജയിലിൽ അങ്ങനെ തുടരുകയാണു. ഒരു കേസ് കഴിയുമ്പോൾ മറ്റേത് പിന്നെ അടുത്തത് 

അങ്ങനെ ജയിലിൽ കിടക്കാൻ ചാൻസുണ്ടാക്കുന്ന കേസുകൾ ഏറ്റെടുത്ത് ജയിൽ പുള്ളികളുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായി ഉണ്ണികുട്ടൻ വിലസിക്കൊണ്ടിരിക്കുമ്പോഴാണു അവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്..!!!!

വിശകലനം

മുഖവുരയിലാതെ കാര്യം പറഞ്ഞേക്കാം ഈ ഓണക്കാലത്ത് എന്നല്ല, മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയതിൽ വേച്ചേറ്റവും തല്ലിപൊളി സിനിമകളിൽ ഒന്നാണു വെല്ക്കം ടു സെണ്ട്രൽ ജയിൽ . സിനിമ വിജയിക്കുമ്പോൾ അത് നായകന്റെ വിജയവും പരാജയപ്പെടുമ്പോൾ അത് സംവിധായകന്റെ പരാജയവും ആണെന്നു പറയുന്ന ഒരു ചീഞ്ഞ പതിവ് ഉണ്ട് മലയാള സിനിമയിൽ. ശരിയാണു ഈ സിനിമയുടെ അന്ത്യത്തിനു കാരണക്കാരൻ സുന്ദർ ദാസ്  എന്ന സംവിധായകൻ തന്നെയണു. 

ഈ സിനിമയിൽ നായകനായ ദിലീപിനു തിരകഥ രചിച്ച ബെന്നി പി നായരമ്പലത്തിനും ഇതിൽ പങ്കില്ലേ എന്ന് ചോദിച്ചാൽ ആ രക്തത്തിൽ അവരെ ഒഴിവാക്കുന്നതാണു കാവ്യ നീതി എന്ന് പറയേണ്ടി വരും. ദിലീപിന്റെ ഫെസ്റ്റിവൽ സിനിമകൾക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അതേ ശ്രേണിയിൽ തന്നെയുള്ള തിരകഥയാണു ഈ പടത്തിനും. എന്നാൽ അത് എങ്ങനെയൊക്കെ മോശമാക്കാമോ അതിന്റെ അങ്ങേയറ്റത്ത് കൊണ്ട് ചെന്നെത്തിച്ചത് സംവിധായകന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാണു. 155 മിനുറ്റ് നീളമുള്ള ഒരു വധം എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. 

ദിലീപ് സ്വയം അനുകരിച്ച് കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങൾ കണ്ട് ചിരിക്കണോ കരയണോ അതോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ സ്തംബന്ധരായിരിക്കുന്ന പ്രേക്ഷകർ. കുട്ടികളെ കൊണ്ടൊക്കെയാണു ഈ സിനിമയ്ക്ക് കയറുന്നതെങ്കിൽ അതോടെ തീർന്നു ഈ വർഷത്തെ ഓണം..! ബെന്നി പി നായരമ്പലത്തിന്റെ നിലവാരം അവസാന ചിത്രമായ ഭയ്യ ഭയ്യയിൽ തന്നെ നില്ക്കുകയാണു. നായികയായെത്തിയ ദേവികയ്ക്കും മറ്റ് അഭിനേതാക്കൾക്കും ഈ അസംബന്ധ നാടകത്തിൽ തങ്ങളുടെ വേഷം ചെയ്യുക എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിരുന്നില്ല. 

അരോചകരമായ ഗാനങ്ങൾ നിറഞ്ഞതാണെങ്കിലും ആദ്യ പകുതി ഒരു പരിധി വരെ സഹിച്ചിരിക്കാമെങ്കിൽ രണ്ടാം പകുതിയിൽ പിന്നെയും തിയറ്ററിൽ ഇരുന്ന ഹതഭാഗ്യരായ പ്രേക്ഷകരെ കൊല്ലാകൊല ചെയ്യുകയാണു ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് സഹായിച്ച സംവിധായകരെ ഇപ്പോൾ തിരിച്ച് സഹായിക്കുകയാണു ദിലീപ് ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണു ജോസ് തോമസ് മായ മോഹിനിയും സന്ധ്യ മോഹൻ മിസ്റ്റർ മരുമകനുമെല്ലാം സംവിധാനം ചെയ്തത്, ഈ കാരുണ്യ പ്രവർത്തിയുടെ തുടർച്ചയെന്നോണമാണു തന്നെ നായകനാക്കിയ സുന്ദർ ദാസിനും ഒരവസരം ദിലീപ് കൊടുത്തത്. അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി

. ഇതു പോലെയുള്ള സിനിമകളിൽ വീണ്ടും വീണ്ടും അഭിനയിച്ചാൽ ഇപ്പോൾ ഡേറ്റ് കൊടുത്ത് സഹായിക്കുന്ന സംവിധാകരുടെ അവസ്ഥ വലിയ താമസമില്ലാതെ തനിക്കും വരും എന്ന് ദിലീപ് എപ്പോഴെങ്കിലും മനസ്സിലാക്കിയാൽ മതിയായിരുന്നു..!!

പ്രേക്ഷക പ്രതികരണം

പാണ്ടി ലോറി കയറിയ തവളയെ പോലെ ആയ അവസ്ഥയിൽ എന്തോന്ന് പ്രതികരണം.

ബോക്സോഫീസ് സാധ്യത

ഏറ്റവും മോശം റിവ്യൂസ് വരുന്ന  സിനിമകളാണു ദിലീപിന്റെ ഏറ്റവും വലിയ പണം വാരി പടങ്ങൾ. അതു കൊണ്ട് തന്നെ ഇതും ഒരു ബ്ലോക് ബസ്റ്റർ ആയാലും അത്ഭുതപ്പെടാനില്ല. 

റേറ്റിംഗ്:  ഇല്ല സാർ.. ഇന്നലെ ഞങ്ങൾ ഇല്ല സാർ..!!1

അടിക്കുറിപ്പ്: ഇതിലും നല്ലത് അങ്ങ് തൂക്കി കൊല്ലുന്നതായിരുന്നു..!!!!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.