RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വൈറ്റ് - Film review


2007 ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന സിനിമയും കേരള കഫയിലെ മൃത്യുഞ്ജയമെന്ന  സിനിമയും സംവിധാനം ചെയ്ത ഉദയാനന്ദന്റെ മൂന്നാമത്തെ സിനിമയാണു മമ്മൂട്ടി നായകനായ വൈറ്റ്. ബോളിവുഡ് നായിക ഹിമ ഖുറേഷിയാണു ചിത്രത്ത്തിൽ മമ്മൂട്ടിയോടൊപ്പം എത്തുന്നത്. ശങ്കർ രാമകൃഷ്ണൻ, കെപി എസി ലളിത, സിദിക്ക് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 

കഥ

ഇന്ത്യയിൽ നിന്ന് ഐടി ജീവനക്കാരിയായ റോഷ്ണി ലണ്ടനിലേക്ക് ഓൺസൈറ്റ് പ്രൊജക്ടിനായി എത്തുകുയും അവിടെ വെച്ച് പ്രകാശ് റോയ് എന്ന മദ്ധ്യവയസ്ക്കനായ കോടീശ്വരനെ പരിചയപ്പെടുകയും ആദ്യം അവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും പിന്നീട് അവർ പ്രണയത്തിലാവുകയും ചെയ്യുന്നു. 

ചിലർ അങ്ങനെയാണു അവരുടെ കടന്നു വരവോടെ നമ്മുടെ ജീവിതം രണ്ടായി മാറുകയാണു. അവർക്ക് മുൻപും അവർക്ക് ശേഷവും. പ്രകാശ് റോയുടെ കടന്നു വരവ് റോഷ്ണിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു   എന്നതാണു കഥാ തന്തു. 

വിശകലനം

രണ്ടായിരത്തി ഏഴിൽ ഏറെ പ്രതീക്ഷയോടെ കണ്ട  ഒരു സിനിമ ആയിരുന്നു പ്രണയകാലം.  ബോക്സോഫീസിൽ അമ്പേ പരാജയപ്പെട്ടെങ്കിലും പ്രണയിക്കുന്നവരുടെ മനസ്സിൽ ചെറിയൊരു തണുപ്പ് സമ്മാനിക്കാൻ ആ സിനിമക്ക് സാധിച്ചു. പിന്നീട് മൃത്യുജ്ഞയം എന്ന സിനിമയുമായി വന്ന് ഉദയ് ആനന്ദ് എന്ന സംവിധായകൻ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണു അദ്ദേഹത്തിന്റെ വൈറ്റ് ഒരുങ്ങുന്നത്.സ്വഭാവികമായും പ്രേക്ഷകരിൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടാവുക തന്നെ ചെയ്യും. 

അതുകൊണ്ട് തന്നെ വൈറ്റ് എന്ന സിനിമയെ രണ്ട് രീതിയിൽ വീക്ഷിക്കാം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ വൈറ്റ് എന്ന സിനിമ പ്രതീക്ഷകൾക്കൊത്ത് എവിടെയും ഉയരുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. പ്രവീൺ, നന്ദിനി ,ഉദയ് എന്നിവർ ചേർന്നൊരുക്കിയ തിരകഥ വ്യത്യസ്ഥമായിരുന്നെങ്കിലും അത് പ്രേക്ഷകനിലേക്കെത്തിക്കാൻ കഴിയാതെ പോയി.സംവിധായകൻ എന്ന നിലയിൽ കാണിക്കേണ്ടിയിരുന്ന സൂക്ഷമത സിനിമയിലെവിടെയൊ വെച്ച് നഷ്ട്ടപ്പെട്ട് പോയത് വൈറ്റിനെ ബ്ലാക്കാക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന സിനിമയെ ന്യായീകരിക്കാൻ തക്കതൊന്നും സംവിധായകൻ സിനിമയിൽ നിരത്തുന്നുമില്ല. 

സാധാരണ മമ്മൂട്ടി സിനിമകളിൽ കഥ മോശമാണെങ്കിലും മമ്മൂട്ടി ഗംഭീര പെർഫോർമൻസ് ആയിരിക്കും എന്നതിനു വൈറ്റ് ഒരു അപ്വാദമായി മാറും. മദ്ധ്യവയസ്ക്കാനായ പ്രണയ നായകനായി കത്തിക്കായറുന്ന മമ്മൂട്ടിയെ സ്വീകരിക്കാൻ സാധാരണ പ്രേക്ഷകൻ വിമുഖത കാണിക്കും. ഹിമ ഖുറേഷിയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷമായതുമില്ല. ലണ്ടൻ കാഴ്ച്ചകൾ മനോഹരമായി ചിത്രീകരിച്ചു എന്നത് ചിത്രത്തിന്റെ ഒരു പോസിറ്റീവ് വശമാണു. സസ്പ്ൻസോ ട്വിസ്റ്റുകളോ ഇല്ലാത്ത സിനിമകളോട് വലിയ താല്പര്യം കാണിക്കാത്ത പ്രേക്ഷകർ വൈറ്റിനെ 3 ദിവസം കൊണ്ട് വൈറ്റ് വാഷ് ആക്കുമെന്നതിൽ സംശയമില്ല. 

എന്തു കൊണ്ട് 2007 നു ശേഷം 2016 വരെ ഉദയ് ആനന്തിനു കാത്തിരിക്കേണ്ടി വന്നു അടുത്ത സിനിമ ചെയ്യാൻ എന്നതിനു ഉത്തരം അറിയാൻ വൈറ്റിന്റെ ഡിവിഡി കണ്ടാൽ മതി. ഇനി സിനിമയുടെ അണിയറ പ്രവർത്തകരുടെ വീക്ഷണ കോണിലൂടെ കണ്ടാൽ ഇതൊരു അസാധ്യ സിനിമയാണു. ഹോളിവുഡിൽ മാത്രം കണ്ട് പരിചയമുള്ള പ്രണയം മലയാളികൾക്കായി അവതരിപ്പിച്ചപ്പോൾ അതിന്റെ മേന്മ മനസ്സിലാക്കാതെ കുറ്റം പറയുന്ന പുവർ കണ്ട്രി ഫെല്ലോസിനോട് ഇതിന്റെ പിന്നണിക്കാർക്ക് സഹതാപം മാത്രമേ ഉണ്ടാകാൻ വഴിയുള്ളു.


പ്രേക്ഷക പ്രതികരണം.

വൈറ്റിലെ നായകനായ പ്രകാശ് റായ് പറയുന്നതു പോലെ ഒന്നും ചാൻസ് അല്ല എല്ലാം ചോയ്സ് ആണു. മമ്മൂട്ടിയുടെ പടം എന്ന ചോയ്സ് തിരഞ്ഞെടുത്ത പ്രേക്ഷകർ അതിനനുഭവിക്കുക തന്നെ ചെയ്തു.

ബോക്സോഫീസ് സാധ്യത 

ഒരു ദുരന്തം

റേറ്റിംഗ് : 1.5/5



അടിക്കുറിപ്പ്: വൈറ്റ് എന്ന പേരിനു സിനിമയുമായുള്ള ബന്ധം സിനിമ തീർന്നപ്പോഴാണു മനസ്സിലായത്. നിർമ്മാതാവിന്റെ കുടുബം വെളുപ്പിക്കുക എന്നതാണു കവി ഉദ്ദേശിച്ചിരിക്കുന്നത്..!!

1 comments:

സുധി അറയ്ക്കൽ said...

അടിപൊളി.ഒരു പൊട്ടപ്പടം.

Followers

 
Copyright 2009 b Studio. All rights reserved.