RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അനുരാഗ കരിക്കിന്‍ വെള്ളം - Film Review


പ്രശസ്ത ഛായാഗ്രഹകൻ ഷൈജു ഖാലിദിന്റെ സഹോദരൻ ഖാലിദ് റഹ്മാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണു അനുരാഗ കരിക്കിൻ വെള്ളം. ആഗസ്റ്റ് സിനിമ നിർമ്മിച്ച ഈ ചിത്രത്തിൽ ബിജു മേനോൻ, ആഷ ശരത്ത്, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ഒരു മിഡിൽ ക്ലാസ് കുടുബത്തിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളുടെ റിയലിസ്റ്റിക്കായ അവതരണമാണു അനുരാഗ കരിക്കിൻ വെള്ളം. 

കഥ

രഘു ഒരു കർക്കശക്കാരനായ പോലീസുകാരനാണു. ആർക്കിടക്ച്ചർ പഠിച്ച് കഴിഞ്ഞ മകനും സ്കൂൾ വിദ്യാർഥിയായ മകളും ഭാര്യയും അടങ്ങുന്ന കുടുബത്തിലും അയാൾ അതേ സ്വഭാവമാണു പുലർത്തുന്നത്. രഘുവിന്റെ ഭാര്യ സുമ ഒരു സാധുവായ വീട്ടമ്മയാണു. മകനായ അബിയാകട്ടെ ആർക്കിടക്ടാണെങ്കിലും ചെറിയ ചെറിയ വർക്കുകൾ ചെയ്യാൻ താല്പര്യമില്ലാത്ത ഒരാളാണു. 

അബിക്ക് ഒരു പ്രണയമുണ്ട്. കോളേജ് കാലത്ത് ആരംഭിച്ച പ്രണയം അന്ന് അബിക്ക് ഹരമായിരുന്നെങ്കിലും ഇന്ന് അത് ഒരു ബാധ്യതയാണു. എലിസബത്ത് എന്ന അബിയുടെ കാമുകി അബിയെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അബിക്ക് ആ സ്നേഹം ഒരു തരം ശല്യമായാണു അനുഭവപ്പെടുന്നത്. അബിയുടെ കൂട്ടുകരായാ ഫക്രുവിന്റെയും കിച്ചുവിന്റെയും ഉപദേശപ്രകാരം അബി എലിസബത്തിനോട് ബ്രേക്കപ്പ് ചെയ്യാം എന്ന് പറയുന്നു. ഇത് എലിസബത്തിനെ വല്ലാതെ തളർത്തുന്നു. ഇതിനിടയിൽ രഘു തന്റെ പഴയ കാമുകിയായ അനുരാധയെ  അവിചാരിതമായി കണ്ട് മുട്ടുന്നു..!!!!

വിശകലനം.

പേരു പോലെത്തെന്നെ സുന്ദരമായ ഒരു സിനിമയാണു അനുരാഗകരിക്കിൻ വെള്ളം. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും മിഡിൽ ക്ലാസ് ആണെന്നിരിക്കെ ഈ സിനിമയിലെ ഏതെങ്കിലുമൊരു കഥാപാത്രത്തിനെയെങ്കിലും സ്വന്തം അനുഭവത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്നതാണു ഈ സിനിമയുടെ വിജയം. നവാഗതന്റെ പരിചയക്കുറവുകൾ പ്രകടമാക്കാതെ ഹൃദ്യമായ ഒരു അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു സിനിമയാക്കി അനുരാഗ കരിക്കിൻ വെള്ളത്തെ മാറ്റാൻ ഖാലിദ് റഹ്മാനു കഴിഞ്ഞിട്ടുണ്ട്. 

സാൾട്ട് & പെപ്പർ എന്ന സിനിമയെ ചിലയിടങ്ങളിൽ ഓർമ്മിപ്പിക്കുമെങ്കിലും ഒരിക്കലും നാടകീയതക്ക് വഴിമാറാതെ തികച്ചും സ്വഭാവികമായി സിനിമ പൂർത്തിയാക്കാൻ സഹായിക്കുന്ന ഒരു തിരകഥ ഒരുക്കാൻ നവീൻ ബാസ്ക്കറിനു സാധിച്ചു. കൊച്ചിയുടെ മനോഹരമായ ചിത്രീകരണം കൂടിയാവുമ്പോൾ സാങ്കേതിക മികവിൽ അനുരാഗ കരിക്കിൻ വെള്ളം മുന്നിട്ട് നില്ക്കുന്നു. അഭിനയത്തിൽ രഘു എന്ന മുരടനായ പോലീസുകാരനായി ബിജുമേനോൻ തിളങ്ങി. തന്റെ പതിവു ശൈലിയിൽ നിന്ന് വേറിട്ട് പഴയകാല ബിജു മേനോനിലേക്കുള്ള ഒരു തിരിച്ച് പോക്ക് ഗംഭീരമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

യുവനടന്മാരിൽ ഇനിയും അഭിനയത്തിൽ മുന്നേറാനുള്ള ആസിഫ് അലി ഈ സിനിമയിലെ അബി എന്ന വേഷം മനോഹരമാക്കിയിട്ടുണ്ട്. ഇത്തരം സാധാരണ വേഷങ്ങളെ തനിക്ക് ഭംഗിയായി ചെയ്യാൻ സാധിക്കു എന്ന സത്യം ഇനിയെങ്കിലും ആസിഫ് മനസിലാക്കിയാൽ നന്ദ്. ബിജുമേനോന്റെ ഭാര്യായെത്തിയ ആഷ ശരത്തും തന്റെ വേഷം നന്നാക്കി. നായികയായെത്തിയ രെജിഷയ്ക്ക് ഒരു ശോഭന ഭാവി മലയാള സിനിമയിൽ കാണുന്നുണ്ട്. സൊബിൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ചില്ലറ കോമഡി നമ്പറുകളും ചിരിയുണർത്തി. ആകെ മൊത്തം പറഞ്ഞാൽ ഒരുഗ്രൻ സിനിമ ഒന്നുമല്ല അനുരാഗ കരിക്കിൻ വെള്ളം.  പക്ഷെ എവിടെയൊക്കെയോ പ്രേക്ഷകനെ ഗൃഹാതുരത്വമുണർത്തുന്ന പല രംഗങ്ങളും ഈ സിനിമയിലുണ്ട്. 

ഭാവിയെ പറ്റി ആകുലതകളിലാതെ ജീവിക്കുന്ന അബിയും ഭാര്യയോട് സ്നേഹത്തോടെ ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത ഭർത്താവും, ആരും തിരിച്ച് സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ട് സ്നേഹം വാരികൊടുക്കുന്ന അമ്മയും, കാമുകന്റെ എല്ലാ നെഗറ്റീവുകളും അറിഞ്ഞിട്ടും കടലോളം സ്നേഹം നല്കുന്ന കാമുകിയും കൂട്ടുകാരനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന കൂട്ടുകാരുമൊക്കെ നമ്മുടെ ചുറ്റിലും ഉള്ളവരായത് കൊണ്ട് ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല. ആദ്യമേ സൂചിപ്പിച്ച സോൾട്ട്  & പെപ്പർ ചായ്വും മുഴുവനായ് റിയലിസ്റ്റ്ക്ക് ആക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രസകുറവും  മാറ്റി നിർത്തിയാൽ അനുരാഗ കരിക്കിൻ വെള്ളം ആസ്വാദകരം തന്നെയാണു.

പ്രേക്ഷക പ്രതികരണം

മനസ്സ് നിറഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി.

ബോക്സോഫീസ് സാധ്യത

ഈ സിനിമ റിലീസിന്റെ അന്ന് അതേ തിയറ്റർ കോല്പ്ലക്സിൽ റിലീസ് ചെയ്ത മറ്റൊരു പടത്തിനു സൂചികുത്താൻ ഇടമില്ലാത്ത വിധം തിരക്കും ഈ സിനിമയ്ക്ക് ആദ്യ ഷോക്ക് ഉണ്ടായിരുന്നത് 14 പേരും. ഇന്നേക്ക് മുന്നാം ദിവസം മറ്റേ പടത്തിനു വിരലിലെണ്ണാവുന്നവരും ഈ സിനിമക്ക് ഹൗസ്ഫുൾ റിട്ടേൺസും.. 

റേറ്റിംഗ്: 3 / 5

അടിക്കുറിപ്പ്: കസബ എന്ന കുലുക്കി സർബത്തും, ചീഞ്ഞ ഫ്രൂട്ട്സ് സാലഡ് ആയ ഷാജഹാനും പരീക്കുട്ടിയും പാതി വെന്ത മസാല ദോശയായ കരിക്കുന്നം സിക്സസും കഴിച്ച് മനം പിരട്ടിയ പ്രേക്ഷകർക്ക് ഈ റംസാൻ സീസണിലെ ആശ്വാസമാണു ശുദ്ധമായ ഈ കരിക്കിൻ വെള്ളം

0 comments:

Followers

 
Copyright 2009 b Studio. All rights reserved.