RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഷാജഹാനും പരീക്കുട്ടിയും - Film Review


ഹാപ്പി ജേർണി എന്ന ചിത്രത്തിനു ശേഷം ബോബൻ സാമുവേൽ സംവിധാനം ചെയ്ത സിനിമയാണു ഷാജഹാനും പരീക്കുട്ടിയും. ജയസൂര്യ, കുഞ്ചാക്കോ ബോബൻ അമല പോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരകഥ രാജേഷാണു ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ആഘോഷിക്കാൻ തിയറ്ററുകളിലെത്തുന്ന കുട്ടികളെയും കുടുബങ്ങളെയും രസിപ്പിക്കുക എന്നതാണു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്. 

കഥ
ജിയ എന്ന കോടീശ്വരിയായ പെൺകുട്ടിക്ക് ഒരു കാർ ആക്സിഡന്റ് സംഭവിക്കുന്നു. ആക്സിഡന്റിനു ശേഷം ജിയക്ക്  ഓർമ്മക്കുറവ് അനുഭവപ്പെടുന്നു. താനുമായി തന്റെ അഛൻ കല്യാണം ഒറപ്പിച്ച മേജർ രവിയെ പോലും ജിയക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. ജിയയുടെ ലൈഫിൽ ഒരു പി എന്ന അക്ഷരത്തിൽ തുടങ്ങുന്ന വ്യക്തി ഉണ്ടെന്ന് ജിയയുടെ മാതാപിതാക്കൾ മനസ്സിലാക്കുന്നു.

 ജിയയെ തേടി ആ പി എത്തുന്നു. ഒരു പി അല്ല രണ്ട് പി. കോടീശ്വരനായ പ്രണവ് മേനോനും ഒരു ലോക്കൽ ഗുണ്ടയായ പ്രിൻസും. രണ്ട് പേരും പറയുന്നത് അവർ ജിയയുടെ കാമുകന്മാരാണു എന്നാണു. ഗുണ്ടയായ പ്രിൻസിന്റെ നന്മ തിരിച്ചറിഞ്ഞ ജിയയോട് പ്രിൻസാണു പ്രേമാഭ്യർത്ഥന നടത്തിയതെങ്കിൽ പ്രണവ് മേനോനെ ജിയ പിന്നാലെ നടന്ന് പ്രേമിച്ചതാണു എന്നാണു പറയുന്നത്. ഇതിലെ സത്യം കണ്ട് പിടിക്കാൻ ജിയയുടെ പ്രതിശ്രുത വരനായ രവിയും സുഹൃത്ത് മാത്യൂസും ശ്രമിച്ചെങ്കിലും അവർ മനസിലാക്കിയത് ഇതാണു. ഈ രണ്ട് പേരിൽ ഒരാൾ ഷാജഹാൻ എങ്കിൽ മറ്റേയാൾ പരീക്കുട്ടിയാണു...!! 

വിശകലനം 

റോമൻസ് , ജനപ്രിയൻ പോലുള്ള നല്ല സിനിമകൾ ഒരുക്കിയ ബോബൻ സാമുവേലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന വിശേഷണത്തോടെ ഷാജഹാനും പരീക്കുട്ടിയുടെയും വിശേഷങ്ങളിലേക്ക് കടക്കാം. റോമൻസ് പോലുള്ള ഹിറ്റ്   സിനിമയ്ക്ക് തിരകഥയൊരുക്കിയ രാജേഷിൽ നിന്നും വളരെ നിലവാരം കുറഞ്ഞ ഒരു സൃഷ്ടിയാണു ഇത്തവണ ഉത്ഭവിച്ചിരിക്കുന്നത്.  

ബോബൻ സാമുവേൽ മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നല്കുന്ന ഒരു സംവിധായകൻ ആണു. അദ്ദേഹത്തിൽ നിന്ന് ഇത്തരം നിരുത്തരവാദപരമായ കലാസൃഷ്ടികൾ സംഭവിക്കുന്നതിലാണു ഏറെ സങ്കടം. അഭിനേതാക്കളിൽ ജയസൂര്യയും കുഞ്ചാക്കോയും നല്ല രീതിയിൽ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഏത് ടൈപ്പ് റോളും ഉജ്ജ്വലമാക്കുന്ന നടനാണു താനെന്ന് പിന്നെയും ജയസൂര്യ തെളിയിച്ചു. അമല പോളിന്റെ അഭിനയവും തരക്കേടിലായിരുന്നു. കോമഡിക്കായി അജുവർഗീസും സുരാജും നടത്തിയ ശ്രമങ്ങളിൽ ഏറിയ പങ്കും പരാജയങ്ങൾ ആയിരുന്നെങ്കിലും  ഒന്ന് രണ്ടെണ്ണം കയ്യടി നേടി. 

പഴയ സിനിമ ഗാനങ്ങളുടെ വരികൾ കോർത്തിണക്കിയ ഒരു ഗാനവും മനോഹരമായ ഛായാഗ്രഹണവും ജയസൂര്യയുടെ കഥാപാത്രത്തിന്റെ ദളപതി അവതരണവും ഒഴിച്ച് നിർത്തിയാൽ ഒരു  കോമഡി സിനിമ എന്ന നിലയിൽ   ഷാജഹാനും പരീക്കുട്ടിയും സമ്പൂർണ്ണ പരാജയമാണു. ചിത്രത്തിന്റെ പേരിനും കഥയ്ക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നിരിക്കെ ഇത്തരമൊരു പേരു ഈ സിനിമയ്ക്ക് ഇടുകയും അതിനെ സാധൂകരിക്കാൻ ഒരു ഡയലോഗ് സിനിമയിൽ കുത്തി കയറ്റുകയും ചെയ്തത് ആരായാലും അയാൾക്ക് നന്ദി നല്ല നമസ്ക്കാരം

പ്രേക്ഷക പ്രതികരണം

ബോബൻ സാമുവേൽ സിനിമ എന്ന പ്രതീക്ഷയോടെ എത്തിയവർ പാടേ നിരാശരായി മടങ്ങി.

ബോക്സോഫീസ് സാധ്യത

പെരുന്നാൾ അവധി ദിവസങ്ങളുടെ പിൻബലമുള്ളത് കൊണ്ട് ആദ്യ ആഴ്ച്ച തിയറ്ററുകളിൽ നിന്ന് സിനിമ തെറിക്കില്ല.

റേറ്റിംഗ്: 2/5

അടിക്കുറിപ്പ്: ഈ സിനിമ കണ്ട് ആരെങ്കിലും അടിപൊളി എന്ന പറഞ്ഞാൽ ഓർക്കുക അയാൾ ജീവിതത്തിൽ കാണുന്ന ആദ്യത്തെ സിനിമയായിരിക്കും ഇത്..!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.