RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒരു കൊറിയൻ പടം - Film review



പാവങ്ങളുടെ ദുൽഖർ സല്മാൻ എന്നറിയപ്പെടുന്ന ശ്രീ മക്ബൂൽ സല്മാൻ നായകനായി അഭിനയിച്ച സിനിമയാണു ഒരു കൊറിയൻ പടം. ഇതിന്റെ ട്രെയിലർ കണ്ടതിൽ നിന്നും ഇത് മലയാള സിനിമയിൽ ഇന്ന് വ്യാപകമായി നില നിൽക്കുന്ന സിനിമ കഥ മോഷണത്തിനെതിരെയുള്ള ഒരു സംരംഭം ആണു എന്ന് ധരിച്ചു വെച്ചതിന്റെ അടിസ്ഥാനത്തിലാണു ഈ സിനിമ കാണാം എന്ന് തിരുമാനിക്കുന്നത്. തിയറ്ററിൽ മിനിമം 10 പേരു പോലുമില്ലാതിരുന്നത് കൊണ്ട് ഷോ നടത്താൻ സാധ്യമല്ല എന്ന തിയറ്ററുകാരുടെ വാശി 10 മത്തെ ആളു കൂടി വന്നതോടെ അവസാനിക്കുകയും സിനിമ ആരംഭിക്കുകയും ചെയ്തു.

കിഷോർ എന്ന സഹസംവിധായകൻ ഒരിക്കൽ വോൾവോ ബസിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തിരുന്ന ജെവ (ലെവ, ജിവ ജബ അങ്ങനെ എന്തരോ ഒരു പേരു) എന്ന പെൺകുട്ടിയെ ഒന്ന് വളയ്ക്കാൻ നോക്കുകയും ജെവ കിഷോറിനെ അടിയ്ക്കുകയും ചെയ്യുന്നു. പിന്നീട് കിഷോർ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് ജെവയെ കാണുകയും സോറി പറയുകയും അങ്ങനെ പ്രേമമാവുകയും ചെയ്യുന്നു. ജെവ കോടീശ്വരി ആയത് കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്ത് വിജയിപ്പിച്ചാലെ തന്റെ മകളെ കെട്ടിച്ചു തരികയുള്ളു എന്ന് ജെവയുടെ അഛൻ പറയുന്നു. ജെവ കിഷോറിനു ഒരു കെട്ട് പേപ്പറും വാങ്ങി നേരെ ഒരു ഹോട്ടലിൽ റൂമെടുത്ത് കൊടുത്ത് തിരകഥ എഴുതാൻ പറയുന്നു.. (നമ്മുടെ രാഘവൻ ചേട്ടനെ കൊണ്ട് എഴുതിയ്ക്കാൻ നോക്കിയ പോലെ.) അങ്ങനെ കിഷോർ എഴുത്ത് തുടങ്ങുന്നു. പക്ഷെ ഒരു കഥയും ശരിയാവുന്നില്ല. ഇതിനിടയ്ക്ക് കിഷോറിനെ കാണാൻ നകുലൻ എന്ന ഒരാൾ എത്തുന്നു. പുള്ളിക്കാരൻ പണ്ടേ സിനിമകൾക്കൊകെ കഥയെഴുതിയുട്ടുള്ള ആളാണു. പക്ഷെ മറ്റുള്ളവർക്കാണു എന്നു മാത്രം. പിന്നീട് സർക്കാർ സർവീസ്സിൽ ജോലി കിട്ടുന്നതോടെ സിനിമ വിടുന്നു. പക്ഷെ ഇപ്പോൾ അയാളുടെ മകൾക്ക് ഒരു ഓപ്പറേഷൻ ആവശ്യമായി വന്നത് കൊണ്ട് പണമുണ്ടാക്കാനായി ഒരു സ്ക്രിപ്റ്റ് എഴുതി കൊണ്ട് വന്നതാണു. രണ്ട് ലക്ഷം രൂപ കൊടുത്താൽ സ്ക്രിപ്റ്റ് അയാൾ കൊടുക്കും. പേരു പോലും വെയ്ക്കണ്ട. ടേണിംഗ് പോയിന്റ് എന്ന നകുലന്റെ സ്ക്രിപ്റ്റ് അതിഗംഭീരമായിരുന്നു. നിർമ്മാതാവിനു ഇഷ്ടപ്പെട്ടതോടെ കിഷോർ ആ സിനിമ സംവിധാനം ചെയ്തു. സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് ജെവയുടെ വീട്ടുകാർ ജെവയെ വീട്ടു തടങ്കലിലാക്കി വേറേ കല്യാണത്തിനു ഒരുക്കുന്നു. എന്നാൽ അതി സാഹസികമായി കിഷോർ ജെവയെ അവിടെ നിന്ന് കടത്തി കൊണ്ട് വരുന്നു. പിറ്റേ ദിവസം സിനിമ റിലീസ് ആയി സൂപ്പർ ഹിറ്റ് ആവുന്നു. എലാം സന്തോഷമയം.. സിനിമയുടെ വിജയാഘോഷത്തിന്റെ പാർട്ടി ഗംഭീരമായി നടന്നു. ആ പാർട്ടിയിൽ ക്ഷണിക്കപ്പെടാതെ വന്ന ഒരു അതിഥി ഉണ്ടായിരുന്നു. എല്ലാവരും പിരിഞ്ഞ് പോയതിനു ശേഷം കിഷോറിനെയും നിർമ്മാതാവിനെയും കണ്ട അയാൾ പറഞ്ഞ കാര്യം കേട്ട് രണ്ട് പേരും ഒരു പോലെ ഞെട്ടി...!!!! ശേഷം സ്ക്രീനിൽ.

ഈ സിനിമയുടെ സംവിധാനത്തെ കുറിച്ചോ അഭിനയത്തെ കുറിച്ചോ മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചോ ഒന്നും ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല.. ഈ സിനിമ പറയാൻ ശ്രമിച്ച കാര്യങ്ങളിലൂടെ ആണു നമ്മൾ കണ്ണോടിക്കുന്നത്.

കാര്യം നമ്പർ 1: കൂടെയുള്ളവൻ നന്നാവരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഒരോ ഒരു വർഗ്ഗമേഉള്ളുവത്രേ അതാണത്രേ സിനിമക്കാരു.
നമ്പർ 2: മലയാള സിനിമയിലെ പഴയകാല സംവിധായകർക്ക് ഇന്നത്തെ ന്യൂജനറേഷൻ സംവിധായകരെ കണ്ണെടുത്താൽ കണ്ടുകൂടത്രെ.. തരം കിട്ടിയാൽ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്താൻ തക്കം പാർത്തിരിക്കുന്നവരാണത്രെ മലയാളത്തിലെ പഴയ സംവിധായകർ.
3: സ്വന്തമായി തലച്ചോർ ഉപയോഗിച്ച് സിനിമ ഉണ്ടാക്കാൻ അറിയാത്ത സിനിമക്കാരൊക്കെ പോയി ചാകണമത്രെ.
4: പുതിയ സംവിധായകർ കൊറിയൻ , ഇറാൻ പോലുള്ള വിദേശ സിനിമകൾ ഒന്നും കാണാറില്ലത്രെ.. അവർ ജീവിത ഗന്ധിയായ പച്ചയായ കഥകൾക്ക് വേണ്ടിയ്യുള്ള അലച്ചലിലാണത്രെ.. അതു കൊണ്ട് തന്നെ ഇനി ആരെങ്കിലും ഒരു വിദേശ സിനിമ മോഷ്ടിച്ച് തിരകഥയാക്കി കൊണ്ട് വന്നാലും അത് മോഷണമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് പുതിയ സംവിധായകരിൽഇല്ലത്രേ..
5: വിദേശ സിനിമകൾ കോപ്പിയടിച്ച് അൾശീലം കുത്തി നിറച്ച് ന്യൂജനറേഷൻ സിനിമകൾ ഉണ്ടാക്കുന്നവരുണ്ടത്രെ.. അവരൊക്കെ കഞ്ചാവ് ടീമുകളുമാണത്രെ..
6: വിദേശ സിനിമകൾ മലയാളത്തിലേയ്ക്ക് കോപ്പിയടിയ്ക്കുന്നത് തെറ്റല്ലത്രെ.. മഹാഭാരതം, ഭഗവത് ഗീത , രാമായണം ബൈബിൾ ഇതിനൊക്കെ പല വ്യഖ്യാനങ്ങൾ ഉള്ള പോലെ ഒരേ കഥ പല ഭാഷകളിൽ എടുക്കുന്നതിനെ കോപ്പിയടി എന്നല്ല വ്യഖ്യാനം എന്നാണത്രെ പറയുക..
7: കൊറിയൻ സിനിമകൾ മലയാളത്തിലേക്ക് കോപ്പിയടിയ്ക്കുന്നത് ഒരിക്കലും തെറ്റല്ലത്രെ.. കാരണം കൊറിയക്കാർ ഇംഗ്ലീഷ് സിനിമകൾ കോപ്പിയടിച്ചിട്ടാണത്രെ സിനിമ ഉണ്ടാക്കുന്നത്8: കൊറിയക്കാർക്ക് അവരുടെ സിനിമകൾ കോപ്പിയടിക്കുന്നത് കുഴപ്പമിലത്രെ.. അത് മലയാളത്തനിമയോടെ തന്നെ എടുക്കണം എന്ന ഒരു ആഗ്രഹം മാത്രമാണത്രെ അവർക്കുള്ളത്...!!

ചുരുക്കി പറഞ്ഞാൽ മലയാള സിനിമയിലെ കോപ്പിയടിയ്ക്ക് കുടപിടിച്ച് കൊടുക്കാൻ വേണ്ടി എടുത്ത ഒരു സിനിമയായി പോയി കൊറിയൻ പടം.. ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒരു സിനിമയായിരുന്നു ശരിക്കും ഇത്. പക്ഷെ സധൈര്യം കോപ്പിയടി മാഫിയയെ എതിർക്കാനുള്ള ചങ്കൂറ്റം സംവിധായകനില്ലാതെ പോയി.. കാരണം എതിരാളികൾ ശക്തരാണു ഇന്നലെ വന്ന അന്വർ സാദിക്ക് മുതൽ സഞ്ജയ് ബോബി വരെ നീളുന്ന മഹാശ്രഖല. അവരൊടൊക്കെ എതിരിട്ട് മലയാള സിനിമയിൽ പിടിച്ച് നിൽക്കാം എന്ന വ്യാമോഹമൊന്നും സംവിധായകനില്ല. എങ്കിലും തന്റെ അമർഷം ഈ വാക്കുകളിലൂടെ സംവിധായകൻ പ്രകടിപ്പിക്കുന്നുണ്ട്.. "ഭ്രാന്തന്മാരുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട് പോയ ഒരുവനാണു ശരിക്കും ഭ്രന്തനായി മാറുന്നത്" പത്മാരാജനെ പോലെ ലോഹിതദാസിനെ പോലെ ജീവിത ഗന്ധിയായ സിനിമകൾ എഴുതുന്ന സിനിമക്കാരൊന്നും ഉണ്ടായില്ലെങ്കിലും സ്വന്തം ആശയങ്ങൾ സിനിമയാക്കാൻ കഴിവുള്ള നല്ല സിനിമക്കാർ മലയാള സിനിമയിൽ ഉണ്ടാവട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കാം. പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല. കാരണം മറ്റ് ഭാഷകളിൽ നിന്ന് കഥ എടുത്ത് അതിനെ മികച്ച രീതിയിൽ മലയാളത്തിലാക്കുന്ന സിനിമക്കാരെ മഹാന്മാരാക്കി വാഴ്ത്തുന്ന നാട്ടിൽ വ്യാഖ്യാനമെങ്കിൽ വ്യാഖ്യാനം അതെങ്കിലും നേരെ ചൊവ്വെ നടക്കട്ടെ..

Ps:ജോയ് മാത്യു ഈ സിനിമയിൽ ഉണ്ട്

0 comments:

Followers

 
Copyright 2009 b Studio. All rights reserved.