RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അകം


മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവൽ മുൻപ് വായിച്ചിട്ടില്ല. ഇത് ആധാരമാക്കി എടുത്ത സിനിമകൾ കണ്ടതായി ഓർമയിലും ഇല്ല. പക്ഷെ എന്താണെന്നറിയില്ല എന്തു കൊണ്ടെന്നറിയില്ല അകം എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടത് മുതൽ ഈ സിനിമ കാണണം എന്ന ആഗ്രഹം അടങ്ങനാവാത്ത ഒരു ത്വരയായി ഉള്ളിൽ മുൾപൊട്ടിയത്.

പക്ഷെ റിലീസ് ചെയ്ത അന്നാണു പരിസര പ്രദേശങ്ങളിലൊന്നും ഈ സിനിമ കളിക്കുന്നില്ല എന്ന ദുഃഖകരമായ സത്യം മനസ്സിലാക്കിയത്. ഒരാഴ്ച്ച കഴിഞ്ഞ് വരാനിരിക്കുന്ന വമ്പൻ റിലീസുകൾക്കിടയിൽ പെട്ട് അകം ഞെരിഞ്ഞമരുമെന്നും പിന്നെ കാണണമെങ്കിൽ സിഡി ഇറങ്ങുന്നവരെ കാത്തിരിക്കണമെന്നുമുള്ള തിരിച്ചറിവിൽ ഈ ചിത്രം എവിടെയാണോ റിലീസ് ചെയ്തിരിക്കുന്നത് അവിടെ പോയി കാണാം എന്ന തിരുമാനത്തിൽ എത്തി. മല മുഹമ്മദിന്റെ അടുത്തേക്ക്.

അങ്ങനെ 3 മണിക്കൂർ യാത്ര ചെയ്ത് ഇടപ്പള്ളിയിലെ പ്രശസ്തമായ ലുലുമാളിൽ എത്തി. അവിടെ ഹഫദ് ഫാസിൽ നായകനായ ഈ ചിത്രം കളിക്കുന്നത് 2 ഷോ. അതിൽ 200 രൂപയുടെതൊഴിച്ച് ബാക്കിയെല്ലാ സീറ്റും ഫിൽ ആയത് കൊണ്ട് 200ന്റെ ടിക്കറ്റെടുത്ത് കയറി. ഇപ്പോൾ നിങ്ങൾ വിചാരിക്കും സിനിമ കണ്ടതിന്റെ എച്ചി കണക്ക് പറയുകയാണോ എന്ന്. ഒരിക്കലുമല്ല. വർഷത്തിൽ ശരാശരി 240 സിനിമകൾ തിയറ്ററിൽ നിന്ന് കാണുന്ന പതിവുള്ളത് കൊണ്ട് സിനിമയ്ക്ക് വേണ്ടി ചിലവാക്കിയ കാശും അതിനു വേണ്ട് കളഞ്ഞ സമയവും ഒരിക്കലും പാഴായി പോയി എന്ന് തോന്നിയിട്ടില്ല. ഇവിടെ പക്ഷെ ഇത്രയും പറഞ്ഞത് എന്തിനാണു എന്ന് അവസാനം പറയാം.

ഇപ്പോൾ അകം എന്ന സിനിമയുടെ വിശേഷങ്ങളിലേക്ക്. ശാലിനി ഉഷാ നായർ തിരകഥയെഴുതി ഫഹദ്, അനുമോൾ, സജിത മടത്തിൽ, പ്രകാശ് ബാരെ, കുങ്കുമ പൂവിലെ ശാലിനി എന്നിവർ അഭിനയിച്ച ചിത്രമാണു അകം. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലാണു ഈ ചിത്രത്തിന്റെ പ്രചോദനം എന്ന് പറയുന്നു. നോവൽ വായിച്ചിട്ടില്ലാത്തത് കൊണ്ട് ആധികാരികമായി അഭിപ്രായം പറയാൻ പറ്റില്ല.

 ശ്രീനിവാസ് എന്ന യുവ സിവിൽ ആർകിടകടിനു ഒരു ആക്സിഡന്റ് പറ്റുകയും അദ്ദേഹത്തിന്റെ മുഖം വികൃതമാവുകയും ചെയ്യുന്നു. കാമുകിയും അയാളെ ആരാധനയോടെ (കാമക്കണ്ണോടെ) നോക്കിയിരുന്ന പെൺകുട്ടിയും മറ്റുള്ളവരുമൊക്കെ ഒറ്റപ്പെടുത്തുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഊരും പേരും അറിയാത്ത രാഗിണിയെ ശ്രീനിവാസ് വിവാഹം കഴിക്കുന്നു. രാഗിണി ഒരു യക്ഷിയാണോ അല്ലയോ എന്ന ശ്രീനിവാസിന്റെ ചിന്തകളിലൂടെയാണു ചിത്രം മുന്നോട്ട് പോകുന്നത്. പശ്ചാത്തല സംഗീതം വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണു ചിത്രത്തിന്റെ ഒരു പ്രത്യേകത.

അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ച് നിന്നു. വളരെ കുറച്ച് കഥാപാത്രങ്ങളെ ചിത്രത്തിൽ ഉള്ളു.സംവിധാനവും ഛായഗ്രഹണവുമെല്ലാം അവസാനം വരെ ഒരു പിരിമുറുക്കം സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്തിട്ടുണ്ടെങ്കിലും അതങ്ങനെ അങ്ങോട്ട് ഏറ്റില്ല. ക്ലൈമാക്സ് കണ്ട് കയ്യടിക്കണോ കൂകണോ ചിരിക്കണോ എന്നറിയാതെ സ്ത്ബംധരായി നിൽക്കുന്ന ന്യൂജനറേഷൻ പ്രേക്ഷകരുടെ നിസ്സഹായവസ്ഥ കൃത്യമായി മനസ്സിലാക്കാൻ സംവിധായകയായ ശാലിനി ഉഷാനായർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ മലയാളത്തിനു പ്രതീക്ഷയേകുന്ന ഒരു പിടി മികച്ച ചിത്രങ്ങൾ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു സംവിധായകയായി മാറാൻ ശാലിനിക്ക് കഴിയും. ഇനി അതല്ല എന്റെ ഉദാത്തമായ സൃഷ്ടിയെ കൂവി പരിഹസിച്ച കൾച്ചർലെസ്സ് കൂതറ മലയാളികളെ ഈ ചിത്രം ഞാൻ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്ത് 100 കോടി ക്ലബിൽ കയറ്റി നിന്റെയൊക്കെ ആസ്വാദന നിലവാരമില്ലായ്മ തുറന്നു കാണിക്കും എന്നൊക്കെയാണു ചിന്തകളെങ്കിൽ പ്ലീസ് ദയവു ചെയ്ത് ഈ പണിയുമായി ഇനി വരരുത്.

ഇനി ഇടപ്പള്ളി ലുലുവിൽ പോയ കാര്യം. അങ്ങനെ പടം കഴിഞ്ഞ് ക്ഷീണത്തോടെ തിരിച്ച് വരുമ്പോളതാ വീടിന്റെ അടുത്തുള്ള ടൗണിലെ ഒരു തിയറ്ററിന്റെ അടുത്ത് ഒരു പോസ്റ്റർ അകം- നൂൺ ഷോ. സംഗതി സത്യമാണോ എന്നറിയാൻ തിയറ്ററിന്റെ മുന്നിൽ പോയപ്പോളതാ അവിടെ ഒരു കുഞ്ഞ് പോസ്റ്റർ മാത്രം. ഇവന്മാർക്ക് ഇതൊന്ന് വലുതാക്കി വച്ചു കൂടായിരുന്നോ. വെറുതേ മനുഷ്യനെ മെനക്കെടുത്താനായിട്ട്....!!! 

1 comments:

bavi said...

അകം കണ്ടു അകപെട്ടു പോയി ..... ഞാനും കുറെ ആഗ്രഹിച്ചതാ ആ പടം കാണാന്‍ .... അകപെട്ടു പോയി

Followers

 
Copyright 2009 b Studio. All rights reserved.