RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഫ്രൈഡേ


ഡയമണ്ട് നെക്ലേസ് ,22 ഫീമെയിൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലിന്റേതായെത്തുന്ന സിനിമ. മലയാളത്തിൽ ഇടവേളയിലാതെ എത്തുന്ന ചലച്ചിത്രം തുടങ്ങിയ നിരവധി വിശേഷണങ്ങളുമായി എത്തിയ ന്യൂജനറേഷൻ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണു നവാഗതനായ ലിജിൻ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ..!

ആലപ്പുഴ നഗരത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളുടെ തുടർച്ചയായ ചിത്രീകരണമാണു ഈ സിനിമ. ഒരു ഓട്ടോ ഡ്രൈവർ, മകളുടെ കല്യാണത്തിനു സ്വർണ്ണമെടുക്കാൻ വരുന്ന ഒരു കുടുബം. ഗർഭിണിയായ ഒരു ഭിക്ഷക്കാരി, ഒരപൂർവ്വ ജീവിയെ വിൽക്കാൻ നടക്കുന്ന രണ്ട് പേർ ,രണ്ട് കോളേജ് കമിതാക്കൾ, വരനാവാൻ പോകുന്ന ഒരാൾ, പ്രസവം കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ കഴിയുന്ന ഒരു കുടുബം. ഒരനാഥ കുട്ടിയെ ദത്തെടുക്കാൻ വേണ്ടി ബാംഗ്ലൂരിൽ നിന്ന് എത്തിയ ദമ്പതികൾ, അവരെ സഹായിക്കാൻ എത്തുന്നവർ..!

ഇങ്ങനെ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത ഇവരെല്ലാം പക്ഷെ അന്നത്തെ ദിവസം പല പല സന്ദർഭങ്ങളിൽ പരസ്പരം കടന്ന് പോകുന്നുണ്ട്. അവസാനം ഇതിൽ 4 കൂട്ടർ ഒഴികെ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിക്കുന്നു. പിന്നെ പണ്ട് മെഗാഹിറ്റായ ഒരു ഇംഗ്ലീഷ് പടത്തിന്റെ ക്ലൈമാക്സ് (സസ്പെൻസ് പൊളിയും എന്നത് കൊണ്ട് ആ പടം ഏതാണെന്നു പറയുന്നില്ല. അതു പോലെ അപൂർവ്വ ജീവി ഏതാണെന്നും ലാസ്റ്റ് അവസാനം അറിഞ്ഞാൽ മതി) പോലെ സിനിമ അവസാനിക്കുന്നു.

അങ്ങനെഅതി മനോഹരമായ ഒരു ഗ്രാഫിക്സ് ഷോട്ടോടെ സിനിമ അവസാനിച്ചെങ്കിലും പ്രതീക്ഷകളുടെ അമിതഭാരം നൽകിയതാണോ എന്നറിയില്ല മനസ്സിൽ ഒരു ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായില്ല. ഒരിടത്തും ...! ഇത്തരം സിനിമകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഒരു ഹാപ്പി എൻഡിംഗ് അല്ല എന്ന് എല്ലാവർക്കും അറിയാം.

അത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഇതു പോലെയുള്ള സിനിമകളുടെ പരിസരത്ത് പോലും അടുക്കില്ല അവർ പൊരിവെയിലത്തും ഇടി മഴയത്തും മായാ മോഹിനിക്കും മരുമകനുമെല്ലാം ക്യൂ നിൽക്കത്തേ ഉള്ളു. അതു കൊണ്ട് തന്നെ നേരത്തെ പറഞ്ഞ പ്രത്യേക വിഭാഗം പ്രേക്ഷകരുടെ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ട് പടം അവസാനിപ്പിക്കുന്നതിൽ തിരകഥാകൃത്തുക്കൾ അത്ര കണ്ട് വിജയിച്ചില്ല.


ഒരു മണിക്കൂർ 43 മിനുറ്റ് 12 സെക്കന്റുകളുള്ള ഈ ചിത്രത്തിൽ ഓട്ടോ ഡ്രൈവറായി എത്തുന്ന ഫഹദ് 10 മിനുറ്റിൽ താഴെയെ ഉള്ളു. ഈ സിനിമയിലൂടെ ഫഹദിന്റെ ശരിക്കുള്ള കാലിബർ അളക്കാൻ കാത്തിരുന്നവർ അതു കൊണ്ട് തന്നെ ഇളിഭ്യരായി. പിന്നെ നെടുമുടി വേണു, വിജയരാഘവൻ, മനു ആൻ അഗസ്റ്റിൻ തുടങ്ങി നീണ്ട നിര.

നവാഗത സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ലിജിൻ ജോസ് സിനിമ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്ന ഈ കാലത്ത് മറ്റൊരു കൊടുങ്കാറ്റാകാൻ ഫ്രൈഡേക്ക് കഴിഞ്ഞില്ലെങ്കിലും ഒരു ഇളം കാറ്റെങ്കിലും ആവാൻ ശ്രമിച്ച് വിജയിച്ചിട്ടുണ്ട്..!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.