RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കൃഷ്ണനും രാധയും..!


സാധാരണയായി ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് അതിലെ മികച്ച പ്രകടനത്തിന്റെഅടിസ്ഥാനത്തിലാണു ഒരു പുതുമുഖ നായകൻ സ്റ്റാറും സൂപ്പർ സ്റ്റാറുമൊക്കെയാകുന്നത്. എന്നാൽചരിത്രത്തിലാദ്യമായി ഒരു സിനിമ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപേ ഏലിയൻ സ്റ്റാര് എന്ന പദവിയും കേരളത്തിലങ്ങോളമിങ്ങോളം ഫാൻസ് അസോസിയേഷനുകളും സ്വന്തമാക്കിയ നടനാണുശ്രീ സന്തോഷ് പണ്ഡിറ്റ്.

യൂട്യൂബിൽ ആദ്യമായി അദ്ദേഹത്തിന്റെ ചിത്രത്തിലെ പാട്ട് സീൻ വന്നപ്പോൾഉണ്ടായ ഒരു തരംഗം ചിത്രം റിലീസ് ചെയ്യുന്നതു വരെ നില നിർത്താൻ സാധിച്ചു എന്നതാണു സന്തോഷ് പണ്ഡിറ്റിന്റെ വിജയം. മറ്റ് സിനിമാക്കാരിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരു വ്യക്തിയാണു സന്തോഷ് സാർ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് വെച്ചാൽ അദ്ദേഹം മലയാളസിനിമകൾ അധികം കണ്ടിട്ടില്ല എന്നതാണു. ഇനി ഹോളിവുഡ് സിനിമകളും ഇറാനിയൻ സിനിമകളുമൊക്കെ കാണുന്ന മഹത്‌വ്യക്തിത്വത്തിനുടമയാണോ എന്ന് ചോദിച്ചാൽ.. അദ്ദേഹം സിനിമകളെ കാണാറില്ല എന്നതാണു പരമമായ സത്യം. (കടപാട്: വി ചാനലിൽ വന്ന അഭിമുഖത്തിൽനിന്നും) കുറച്ചു കാലം ഫിലിം എഡിറ്റിംഗ് പഠിച്ചിട്ടുണ്ട് എന്നതു മാത്രമാണു സിനിമയുമായുള്ള ആകെയൊരു ബന്ധം.

ഇത്രയും പരിമിതമായ ഒരു അറിവ് വെച്ച് 100 പുതുമുഖങ്ങളെ അണിനിരത്തി സിനിമയിലെ സമസ്തമേഖലകളും (ക്യാമറ ഒഴിച്ച്) കൈകാര്യം ചെയ്ത് പടം പൂർത്തിയാക്കി തിയറ്ററുകളിലെത്തിച്ച് ആദ്യ ദിവസം ആദ്യ ഷോ തന്നെ ഹൗസ്ഫുൾ ആക്കി മാറ്റാൻ കഴിവുള്ള
വേറെ ആരുണ്ട് കേരളത്തിൽ...?? പോട്ടെ ലോകത്തിൽ തന്നെ ബഹുമതിക്ക് അർഹനായആദ്യത്തെ വ്യക്തിയാണു സന്തോഷ് പണ്ഡിറ്റ് സർ. അദ്ദേഹം ഒരു മലയാളിയായി ജനിച്ചു എന്നത് ലോകമൊമ്പാടുമുള്ള മലയാളികൾക്കെല്ലാം അഭിമാനാർഹമായ ഒരു കാര്യമാണു. കേരളത്തിൽ ജനിച്ചിട്ടുപോലും ലോക പ്രശസ്തനായി തീർന്ന ജീനിയസ് അമേരിക്കയിലെങ്ങാനുമാണു ജനിച്ചിരുന്നെങ്കിൽ......

ഇനി സിനിമയിലേക്ക് കൃഷ്ണനും രാധയും.. പേരു സൂചിപ്പിക്കുന്നതു പോലെ ഇതൊരു പ്രണയകഥയാണു. ജോൺ എന്ന കാമുകന്റെയും അവന്റെ രാധ എന്ന കാമുകിയുടെയും കരളലിയിപ്പിക്കുന്ന പ്രണയകഥ. ജോൺ എങ്ങനെ കൃഷ്ണൻ ആയി മാറി എന്നതൊക്കെ ഗംഭീര സസ്പെൻസാണു കേട്ടോ. പിന്നെ വെറും പൈങ്കിളി പ്രണയകഥ എന്ന് പറഞ്ഞ് വിലകുറച്ച് കാണണ്ട. ഈ സിനിമയിൽ കോമഡിയുണ്ട്, മെലോഡ്രാമയുണ്ട്. കിടിലൻ സംഭാഷണങ്ങൾ (അതേ ഉള്ളു) ഉണ്ട്. നല്ല ഉഗ്രൻ ഫൈറ്റ് സീനുകളുണ്ട്. അങ്ങിനെ ഒരു കോമേഴ്സ്യൽ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്.

മറ്റൊരു പ്രത്യേകത ഇതിലെ അഭിനേതാക്കൾ മുഴുവൻ പുതുമുഖങ്ങളാണു. മലയാള സിനിമയിലെ ഒരു നടനെ പോലും ഈ സിനിമയിൽ കാണാൻ കഴിയില്ല. എല്ലാവരും സന്തോഷ് സാറിന്റെ കണ്ട് പിടുത്തങ്ങൾ. ഇവരൊക്കെ നാളെ ആരായിത്തീരുമെന്ന് ആരു കണ്ടു. മിശ്രവിവാഹിതരായി വീട്ടുകാരോട് പിണങ്ങി കഴിയുന്നവർക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയിലെങ്കിൽ അവരിലൊരാൾ മരിച്ചാൽ എവിടെ ദഹിപ്പിക്കും എന്ന ഒരു വലിയ സാമൂഹ്യ പ്രശ്നം ചോദ്യചിഹ്നമായി സന്തോഷ് പണ്ഡിറ്റ് സിനിമയാക്കിയിരിക്കുകയാണു. മിശ്രവിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ഈ സിനിമ കണ്ട് ഇതിലെ നായകനു സംഭവിച്ച പാളിച്ചകൾ സ്വന്തം ജീവതത്തിൽ പറ്റാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

ഈ സിനിമയെ കുറിച്ച് മുൻപേ അറിയുകയും,സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖങ്ങളും പാട്ടുകളും മുൻപ് കാണുകയും ചെയ്തിട്ടു കൂടി, ഈ സിനിമ തിയറ്ററിൽ പോയി കാണുക എന്ന തിരുമാനം മറ്റാരുടെയെങ്കിലും പ്രേരണ കൂടാതെയെടുത്ത് കണ്ടതാണെങ്കിൽ അങ്ങനെയുള്ള ഒരാൾക്കും ഇതിനെ വിമർശിക്കാനോ വിലയിരുത്താനോ ഉള്ള അർഹതയില്ല. കാരണം ആത്മഹത്യ ചെയ്യാൻ തിരുമാനിച്ചുറപ്പിച്ച് റെയിൽട്രാക്കിൽ തലവെച്ച് കിടന്നിട്ട്.. അയ്യേ.. വന്നത് ഗരീബ് രഥമാണല്ലോ ഞാൻ വിചാരിച്ചു രാജധാനിയായിരിക്കും എന്ന് പറയുന്നതു പോലെയായിരിക്കും അത്..

മഹാനായ സംവിധായകൻ ജോഷിക്ക് ജൂലൈ4ഉം സെവൻസും,അതുല്യ പ്രതിഭ സത്യൻ അന്തിക്കാടിനു സ്നേഹവീടും, പ്രതിഭാധനൻ ജയരാജിനു ദ് ട്രെയിനും എടുക്കാമെങ്കിൽ നമ്മുടെ പാവം സന്തോഷ് പണ്ഡിറ്റും എടുക്കട്ടെന്നെ ഒരു പടം...!!

പബ്ലിസിറ്റി അത് നെഗറ്റീവായാലും പോസിറ്റീവായാലും പബ്ലിസിറ്റി തന്നെയാണു എന്നത് ഈ ചിത്രം കാണാൻ വരുന്നവരുടെ തിരക്ക് സൂചിപ്പിക്കുന്നു. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മിനക്കെട്ടിരുന്ന് നടന്മാരെ കളിയാക്കി വീഡിയോ ഉണ്ടാക്കുന്നവരും sms പടച്ച് വിടുന്നവരും ഇത് ഓർത്താൽ നല്ലത്..!!!

Followers

 
Copyright 2009 b Studio. All rights reserved.