RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

4 ഫ്രണ്ട്സ് - നാലു പാടും നിന്നുമുള്ള വധം..!


സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് ഒരു പുതിയ സിനിമ സംവിധാനം ചെയ്യുന്നു. തിരകഥ രൺജി പണിക്കർ. സുരേഷ് ഗോപി വീണ്ടും പോലീസ് കമ്മീഷണറുടെ വേഷത്തിൽ..! സിനിമയുടെ പേരു "The Ultimate War". പോസ്റ്ററായ പോസ്റ്റർ മുഴുവൻ സുരേഷ് ഗോപി തോക്കും പിടിച്ചു നില്ക്കുന്നു. അങ്ങിനെ പടം റിലീസ് ആയി. ഈ സിനിമ കാണാൻ ആളുകൾ ഇടിച്ചു കയറും. എന്നാൽ ആ സിനിമ ഒരു ആക്ഷൻ രംഗം പോലുമില്ലാത്ത ഒരു പ്രണയ കഥയാണു എന്ന് വെക്കുക്ക. സിനിമ മുഴുവൻ പ്രണയലോലുപനായി സുരേഷ് ഗോപി കാമുകിയുടെ പിന്നാലെ..! എന്തായിരിക്കും സംഭവിക്കുക..? അത് തന്നെയാണു ഈ ഫോർ ഫ്രണ്ട്സിനും സംഭവിച്ചത്.

100 ദിവസങ്ങൾ പോസ്റ്റർ മാജിക്കിന്റെയും തിയറ്ററുകാരുടെ കാരുണ്യം കൊണ്ടല്ലാതെയും നല്ല അന്തസ്സായി ഓടിയ ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്ബന്റ്സ് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം സജി സുരേന്ദ്രൻ - കൃഷ്ണൻ പൂജപ്പുര ടീം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ പുതിയ സിനിമയാണു ഫോർ ഫ്രണ്ട്സ്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് നാലു സുഹൃത്തുക്കളുടെ കഥയാണു. വ്യത്യസ്ഥമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരിക്കലും കണ്ട് മുട്ടാൻ സാധ്യതയില്ലാത്ത നാലു പേർ തമ്മിൽ കണ്ടു മുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണു ചിത്രത്തിന്റെ പ്രമേയം. റോയ് തോമസ്, അമീർ, സൂര്യ, ഗൗരി എന്നിവരാണു ഈ നാലു പേർ. ജയറാം, ജയസൂര്യ, കുഞ്ചാക്കോ, മീരാജാസ്മിൻ എന്നിവരാണു ഈ നാലു പേരെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പോക്കിരി രാജ എന്ന വിജയ ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകു പാടം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കമലഹാസൻ ചാണക്യൻ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നു.

വിജയ പാതയിലുള്ള സംവിധായകനും നായകരും നിർമാതാവും. ഒപ്പം താരതിളക്കത്തിനു മാറ്റു കൂട്ടാൻ സാക്ഷാൽ ഉലകനായകനും. ഇത്രയുമൊക്കെ ഉണ്ടായിട്ടും ഫോർ ഫ്രണ്ട്സ് എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്നത് എന്തു കൊണ്ടാണു എന്ന് ചിന്തിച്ചാൽ ഉത്തരം ലളിതമാണു. സാധാരണ വലിയ തോതിൽ പ്രേക്ഷകരുടെ അപ്രീതി പിടിച്ചു പറ്റുന്ന സിനിമകൾ ആസ്വാദന നിലവാരത്തിനു നേരെ കൊഞ്ഞനം കുത്തുന്നവയായിരിക്കും. എന്നാൽ ഈ സിനിമയിൽ സംഭവിച്ചത് അതല്ല. ഇതിലെ നായകന്മാരായ ജയറാമിനും കുഞ്ചാക്കോക്കും ജയസൂര്യയ്ക്കുമൊന്നും മറ്റൊരു സിനിമയിൽ അഭിനയിച്ചിട്ടും കിട്ടാത്ത ഇനീഷ്യൽ ആണു ഈ സിനിമക്ക് കിട്ടിയത്.ഹാപ്പി ഹസ്ബന്റ്സ്, ഇവർ വിവാഹിതരായാൽ എന്നീ സിനിമകളുടെ Impact ൽ ആണു ആദ്യ ദിവസം ജനം തിയറ്ററുകളിലേക്ക് എത്തിയത്. അത്തരത്തിൽ ഒരു Impact ഉണ്ടാക്കാൻ മാത്രം ഈ സിനിമകൾ ഒട്ടും മഹത്തരങ്ങളായിരുന്നില്ല എന്നത് വേറെ വശം. കോമഡി സിനിമകളോടുള്ള പ്രേക്ഷകരുടെ ഇന്നത്തെ ആഭിമുഖ്യമാണു ഇതിനു പിന്നിൽ. എന്നാൽ 100% ചിരിപ്പിക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ചെത്തിയവരെ സജി സുരേന്ദ്രൻ നിരാശപ്പെടുത്തുകയാണു ചെയ്തത്.

ഒരു കാൻസർ രോഗി ഉള്ള സിനിമ വരെ സഹിക്കാൻ പാടു പെടുന്ന മലയാളി പ്രേക്ഷകർക്ക് മുന്നിൽ സിനിമയിലെ നാലു പ്രധാന കഥാപാത്രങ്ങളെയും കാൻസർ രോഗികളാക്കി കഥ പറയുമ്പോൾ അത് കണ്ടു കൊണ്ടിരിക്കുന്ന ഹതഭാഗ്യരായ പ്രേക്ഷകരുടെ ഗതികേട്..! വൈകാരിക മുഹൂർത്തങ്ങളിൽ പ്രേക്ഷകരുടെ കണ്ണുകൾ നനയുമെന്നും അത് സിനിമയെ വൻ വിജയത്തിലേക്കെത്തിക്കുമെന്നും സജി സുരേന്ദ്രനും കൃഷണൻ പൂജപ്പുരയും കണക്ക് കൂട്ടി. പക്ഷെ സംഗതി ഏറ്റില്ല.ഷോലെയിലെ ദോസ്തി എന്ന ഗാനത്തിന്റെ റിമിക്സ് അടക്കം നല്ല ഗാനങ്ങളും മനോഹരമായ ചിത്രീകരണവും ഫോർ ഫ്രണ്ട്സിൽ ഉണ്ട്. കണ്ണീർ പടമാണെങ്കിലും സലീം കുമാറിനെയും സുരാജിനെയും സംവിധായകൻ കൈ വിട്ടട്ടില്ല. കമലഹാസൻ നടൻ കമലഹാസനായി തന്നെയാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുടെ പബ്ലിസിറ്റിക്ക് ഗുണം ചെയ്യും എന്നതിൽ കവിഞ്ഞ് മറ്റൊരു റോളും കമലഹാസനു ഈ സിനിമയിൽ ഇല്ല. നാലു കൂട്ടുകാരിൽ ഏറ്റവും മികച്ചു നിന്നത് ജയസൂര്യയുടെ അമീർ ആണു. ഹാപ്പി ഹസ്ബന്റിസിൽ ഒതുക്കപ്പെട്ടതിന്റെ വിഷമം മുഴുവൻ ജയസൂര്യ ഇതിൽ തീർത്തിട്ടുണ്ട്. ജയറാമിനും കുഞ്ചാക്കോക്കും തങ്ങൾ പതിവായി ചെയ്തു കൊണ്ടിരിക്കുന്ന വേഷങ്ങളിൽ കാഴ്ച്ച വെക്കുന്ന അഭിനയത്തിൽ കൂടുതലൊന്നും ഈ സിനിമയിൽ ചെയ്യേണ്ടി വന്നിട്ടില്ല. മീര ജാസ്മിന്റെ ഗൗരിയും തരക്കേടിലായിരുന്നു.

ബക്കറ്റ് ലിസ്റ്റ് എന്ന ഹോളിവുഡ് സിനിമയുടെ സാദൃശ്യം ഫോർ ഫ്രണ്ട്സിൽ കാണാം. പക്ഷെ ബക്കറ്റ് ലിസ്റ്റ് കൃഷണൻ പൂജപ്പുര അടിച്ചു മാറ്റിയതാണു എന്ന് പറയാൻ പറ്റില്ല. കാരണം ഹോളിവുഡ് സിനിമയൊക്കെ കോപ്പി അടിക്കാൻ തക്ക വിവരം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ഇന്ന്അദ്ദേഹം ആരായിരുന്നേനെ..! ഇത് മിക്കവാറും ബക്കറ്റ് ലിസ്റ്റ് തമിഴിൽ എടുത്ത ഏതെങ്കിലും സിനിമകളുടെ അനുകരണം ആയിരിക്കാൻ ആണു സാധ്യത.

മറ്റൊരു തരത്തിൽ പറഞ്ഞാൽ സജി സുരേന്ദ്രൻ ചെയ്തിരിക്കുന്നത് ശരിയായ ഒരു കാര്യമാണു. ആദ്യ ചിത്രങ്ങളെ പോലെ തന്നെ ഇതുമൊരു കോമഡി സിനിമയായിരുന്നെങ്കിൽ അത്തരം ചവറു കോമഡികളുടെ സംവിധായകനായി അദ്ദേഹത്തെ മലയാള സിനിമ ബ്രാൻഡ് ചെയ്യുമായിരുന്നു. കോമേഴ്സ്യൽ വിജയങ്ങളുടെ വ്യാകരണമറിയാവുന്ന ഒരു സംവിധായകനും തിരകഥകൃത്തും തങ്ങൾക്ക് കല്പിച്ചു നല്കിയ ഇമേജിൽ നിന്നും പുറത്തു കിടക്കാൻ നടത്തിയ ബോധപൂർവ്വമായ ഈ ശ്രമത്തെ ഇന്നത്തെ പ്രേക്ഷകർ തള്ളി കളഞ്ഞെങ്കിലും ഈ ധീരമായ പരീക്ഷണം ശരിയായിരുന്നു എന്ന് കാലം തെളിയിക്കാതിരിക്കില്ല...!

*മുളകുപാടത്തിന്റെ ഒന്നു രണ്ട് കോടി രൂപ പോയാൽ എന്താ..രണ്ട് പേരുടെയും ഇമേജ് മാറി കിട്ടിയല്ലോ..!!
*പറയുന്നത് കേട്ടാൽ തോന്നും തൊമിച്ചന്റെ പടം ആദ്യമായാണു പൊളിയുന്നത് എന്ന്. ഒന്നും മറക്കരുത് രാമാ...!!!

കില്ലാടി - ഇതൊരു അല്ലു അര്‍ജുന്‍ സിനിമ അല്ല !


മമ്മൂട്ടിയും മോഹൻലാലും ദിലിപും പ്രിത്വിരാജും കഴിഞ്ഞാൽ പിന്നെ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണു തെലുങ്ക് താരം അല്ലു അർജുൻ. തെലുങ്ക് സിനിമയിൽ അല്ലു അർജുനുള്ളതിനേക്കാൾ വലിയ സ്ഥാനമാണു മലയാള സിനിമയിൽ അല്ലുവിനുള്ളത്. മൊഴി മാറ്റ ചിത്രങ്ങളിലൂടെയാണു അല്ലു അർജുൻ കേരളത്തിലും തരംഗമായത്. ചടുലമായ ആക്ഷൻ രംഗങ്ങളും മലയാള സിനിമകളിൽ ഒരിക്കലും കാണാൻ സാധിക്കാത്ത നൃത്ത ചുവടുകളുമായി അല്ലു അർജുന്റെ തെലുങ്ക് സിനിമകൾ മലയാളം സംസാരിച്ചു തുടങ്ങിയപ്പോൾ കേരളത്തിലെ തിയറ്ററുകൾ ജനസമുദ്രങ്ങളായി മാറി. ആര്യ എന്ന സിനിമയിൽ തുടങ്ങി കിലാഡി എന്ന ഏറ്റവും പുതിയ സിനിമ വരെയാവുമ്പോൾ മിനിമം ഗ്യാരണ്ടി നടൻ എന്ന പദവിയാണു അല്ലു അർജുൻ കേരളത്തിൽ കൈവരിച്ചിരിക്കുന്നത്.

തെലുങ്കിൽ ഹിറ്റായ വേദം എന്ന സിനിമയുടെ മലയാളം പതിപ്പാണു കില്ലാഡി. പൊതുവെ നമ്മൾ മലയാളികൾക്ക് തെലുങ്കു സിനിമകളോട് ഒരു പുഛ മനോഭാവം ആണു.വെറും പാട്ടും കൂത്തും പിന്നെ ദൈവത്തേക്കാൾ ശക്തിയുള്ള നായകന്മാരുമൊക്കെയുള്ള തെലുങ്ക് സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അല്ലു അർജുന്റെ സ്റ്റൈൽ പെർഫോർമൻസിലൂടെ തെലുങ്ക് മൊഴി മാറ്റ ചിത്രങ്ങൾക്ക് കേരളത്തിൽ ആരാധകരുണ്ടായി തുടങ്ങി. ഇടയ്ക്ക് ഒരു ഹാപ്പി ഡെയ്സ് വിജയിച്ചെങ്കിലും അല്ലു അർജുൻ സിനിമകൾ തന്നെയാണു മൊഴിമാറ്റ സിനിമകളിൽ താരം. ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്കാകർക്ഷിക്കാൻ ഇതു വരെ ഡബ്ബിംഗ് സിനിമകൾക്ക് കഴിഞ്ഞിട്ടില്ല. മേൽ പറഞ്ഞ ആ മനോഭാവം തന്നെയാണു അതിനു കാരണം. എന്നാൽ മലയാള സിനിമക്ക് സ്വപ്നം കാണാൻ കൂടി പോലും പറ്റാത്ത അത്ര മനോഹരമായ സിനിമകൾ തെലുങ്കിൽ ഇറങ്ങുന്നുണ്ട്. എന്തിനു കന്നഡ സിനിമ വരെ പുതിയ ഒരു ഉണർവിന്റെ പാതയിൽ എത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ നമ്മുടെ മലയാള സിനിമ മാത്രം പൊട്ടക്കിണറിലെ തവളയെ പോലെ ലോകത്തിന്റെ വലുപ്പം ഈ കിണറാണു എന്ന് കരുതി കാലം കഴിച്ചു കൂട്ടുന്നു.

അല്ലു അർജുന്റെ മുൻ കാല സിനിമകളെ പോലെയല്ല കിലാഡി. 8 പാട്ടുകളും 12 ഫൈറ്റ് സീനുകളും കുത്തി നിറച്ച് രണ്ടരമണിക്കൂർ നോൺ സ്റ്റോപ്പ് entertainment നല്ക്കുന്ന സ്ഥിരം തെലുങ്ക് ഫോർമുലയിൽ നിന്നും വ്യതിചലിച്ചിട്ടുള്ള ഒരു സിനിമയാണു കിലാഡി. അല്ലു അർജുന്റെ ഇനീഷ്യൽ മാത്രം ലക്ഷ്യമിട്ട് അനുഷ്ക്കയുടെ ഗ്ലാമർ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ അടിച്ചിറക്കിയ ഇതിന്റെ വിതരണക്കാർ മാപ്പർഹിക്കാത്ത ഒരു തെറ്റാണു ചെയ്തിരിക്കുന്നത്. കാരണം അല്ലു അർജുൻ - അനുഷക്ക ജോഡിയുടെ ഒരു കിടിലൻ പ്രണയ കഥ പ്രതീക്ഷിച്ച് വരുന്ന പ്രേക്ഷകരെ തീർത്തും നിരാശപ്പെടുത്തും ഈ സിനിമ. കാരണം ഇതിലെ നായകൻ അല്ലു അർജുൻ അല്ല. നായിക അനുഷ്ക്കയും. എന്നാൽ ഇങ്ങനെ ഒരു കാഴ്ച്ചപ്പാടോടെ അല്ല നിങ്ങൾ ഈ ചിത്രം കാണാൻ പോകുന്നതെങ്കിൽ ഒരു ഗംഭീര സിനിമ(ഇതിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല കാരണം അത്രക്കും വലിയ ഒരു സിനിമയാണു ഇത്) നിങ്ങൾക്ക് അനുഭവിക്കാം.

5 വ്യത്യസ്ഥരായ ആളുകളുടെ ജീവിതത്തിലൂടെയാണു ഈ സിനിമ പുരോഗമിക്കുന്നത്. അല്ലു അർജുൻ അവതരിപ്പിക്കുന്ന കാമുകിയുടെ മുന്നിൽ പണക്കാരൻ എന്ന് അഭിനയിക്കുന്ന കേബിൾ രാജു എന്ന കഥാപാത്രം. അനുഷ്ക്കയുടെ സരോജ എന്ന വേശ്യ, മനോജ് ബാജ്പേയുടെ ഖുറേഷി എന്ന മുസ്ലിം കഥാപാത്രം, തന്റെ മകനെ പലിശക്കാരുടെ കൈയ്യിൽ നിന്നും രക്ഷിക്കാൻ വേണ്ടി വൃക്ക വില്ക്കാൻ തയ്യാറായ ശരണ്യ, മഞ്ജു മനോജിന്റെ പോപ്പ് മ്യൂസിക് താരമാവാൻ ആഗ്രഹിക്കുന്ന വിവേക് എന്നിവരാണു ഈ അഞ്ച് പേർ. ഇവർ അഞ്ച് പേരുടെയും ജീവിതങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. പക്ഷെ അവർ അവസാനം ഒരു സ്ഥലത്ത് ഒരുമിച്ചു ചേരുന്നു. അതെങ്ങനെ, പിന്നീട് എന്തുണ്ടായി എന്നതാണു ഈ സിനിമ. . അല്ലു അർജുൻ സിനിമകൾ തിയറ്ററിൽ പോയി കാണാത്തവരാണു നിങ്ങളെങ്കിൽ, നിങ്ങൾ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരാണു എങ്കിൽ തീർച്ചയായും ഈ സിനിമ തിയറ്ററിൽ പോയി കാണണം. ഒരു കാര്യം ഉറപ്പാണു ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

Anwarന്റെയും കോക്ക്ടെയിലുകളുടെയും രൂപത്തിൽ ഹോളിവുഡ് സിനിമകൾ മലയാളം സംസാരിച്ചു തുടങ്ങുന്ന ഈ കാലത്ത് മൊഴിമാറ്റ ചിത്രങ്ങൾ എന്ന പേരിൽ ഇനിയും ഇത്തരം ചിത്രങ്ങളെ അയിത്തം കല്പ്പിച്ചു മാറ്റി നിർത്തേണ്ട കാര്യമില്ല. നല്ല സിനിമകൾ അത് ഏത് ഭാഷയിൽ നിന്നായാലും വിജയിക്കുക തന്നെ വേണം..!

*Anwar നെയും കോക്ക്ടെയിലെനെയും പറ്റി ഇവിടെ പറയേണ്ട കാര്യമെന്താ.. അല്ലെങ്കിലും മലയാള സിനിമയിൽ മാറ്റത്തിന്റെ കാഹള ധ്വനി മുഴങ്ങുക അങ്ങ് പടിഞ്ഞാറു നിന്നായിരിക്കുമെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ട്..!!

**അതെ..തെക്കോട്ട് എടുക്കാറായി..!!!

അഭിനവ കാസനോവ !



മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെങ്കിൽ മോഹൻലാൽ നമ്മുടെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നാണു. മലയാളികൾ സ്നേഹപൂർവ്വം ലാലേട്ടൻ എന്നു വിളിക്കുന്ന ഈ നടനു മറ്റാരെക്കാളും കിട്ടുന്ന ഒരു സ്വീകാര്യതയാണു മലയാളികളുടെ ഇടയിൽ. അതു കൊണ്ടാണു എത്ര ചവറു സിനിമകളിൽ അഭിനയിച്ചാലും ചുണ്ടിലെ കുസൃതി ചിരിയുമായി ലാലേട്ടൻ വരുമ്പോൾ നമ്മൾ പ്രേക്ഷകർ വീണ്ടും വീണ്ടും മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നത്. സമീപ കാലത്തെ ചില ചിത്രങ്ങളുടെ പരാജയങ്ങൾ തന്റെ താര പദവിക്ക് മങ്ങലേല്പിച്ചെങ്കിലും ശിക്കാർ എന്ന വിജയ ചിത്രത്തോടെ അഭിനയ കലയുടെ ഈ തമ്പുരാൻ വീണ്ടും മലയാള സിനിമയിലെ താര രാജാവായി മാറിയിരിക്കുകയാണു. ശിക്കാറിനു ശേഷം വരുന്ന മോഹൻലാൽ പ്രൊജക്ടുകളെല്ലാം വൻ പ്രതീക്ഷ ഉണർത്തുന്നവയാണു. സുരേഷ് ഗോപി - ശരത്ത് കുമാർ - ദിലീപ് എന്നിവർ മോഹൻലാലുമായി ഒന്നിക്കുന്ന കൃസ്ത്യൻ ബ്രദേഴ്സ് റിലീസിനു മുൻപു തന്നെ ഷുവർ ബ്ലോക്ക് ബസ്റ്റർ പദവിയിലെത്തിയതാണു. അതിനു ശേഷം വരുന്ന കണ്ടഹാറിൽ സാക്ഷാൽ ബിഗ് ബി ആണു മോഹൻലാലിനൊപ്പം. കുരുക്ഷേത്രയ്ക്കു ശേഷം മേജർ രവി സംവിധാനം ചെയ്യുന്ന ഈ സിനിമ കേരളത്തിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തകർത്തെറിയുമെന്ന് പ്രതീക്ഷിക്കാം. റാഫി മെക്കാർട്ടിൻ ടീമിന്റെ ചൈന ടൗൺ ആണു മറ്റൊരു വമ്പൻ സിനിമ. ജയറാം, ദിലീപ് എന്നിവർ അണിനിരക്കുന്ന ഈ സിനിമ മലയാളത്തിലെ ഹാസ്യ സിനിമകളുടെ ഗണത്തിൽ ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിക്കുമെന്നാണു ആരാധകർ കരുതുന്നത്.

ഇതിനിടയിൽ മറ്റൊരു ബിഗ് ബഡ്ജറ്റ് സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ വെച്ച് മാത്രം ചിത്രീകരിച്ച മലയാള സിനിമകളിൽ ഏറ്റവും ചിലവേറിയ സിനിമ എന്ന വിശേഷണവുമായി ലാലേട്ടന്റെ കാസനോവ. പ്രണയിച്ചു കൊതി തീരാത്ത മനസ്സുമായി ജീവിച്ച കാസനോവയെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ ലാലേട്ടനല്ലാതെ മറ്റേത് നടനാണു കഴിയുക. റോഷൻ ആൻഡ്രൂസ് ആണു കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇവിടം സ്വർഗമാണു എന്ന സിനിമക്ക് ശേഷം റോഷനും മോഹൻലാലും ഒന്നിക്കുന്ന ഈ സിനിമയുടെ തിരകഥാകൃത്തുക്കൾ ബോബി -സഞ്ജയ് ആണു. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിംഗണേഷ്. മനോഹരമായ പ്രണയ ഗാനങ്ങൾ അടങ്ങിയ ഈ സിനിമയുടെ സംഗീത സംവിധായകർ അല്ഫോൺസും ഗോപി സുന്ദറുമാണു. മോഹൻലാൽ ഇന്റർനാഷണൽ ലെവലിലുള്ള ഒരു പൂക്കച്ചവടക്കാരനായി എത്തുന്ന കാസിനോവയിലെ പ്രധാന നായികമാർ ശ്രേയ ശരണും ലക്ഷ്മി റായുമാണു. ഇവർക്കു പുറമേ ജഗതി, ശങ്കർ , റിയാസ് ഖാൻ, റോമ തുടങ്ങിയവർ കാസനോവയിലുണ്ട്. ദുബായ് ആണു കാസനോവയുടെ പ്രധാന ഷൂട്ടിംഗ് ലോക്കേഷൻ. നിരവധി പ്രതിബന്ധങ്ങൾ മറികടന്നു ചിത്രീകരണം ആരംഭിച്ച കാസനോവ 2011ൽ ആശിർവാദ് റിലീസ് തിയറ്ററുകളിലെത്തിക്കും. പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളോടെ അഭിനവ കാസനോവയായി ലാലേട്ടൻ എത്തുമ്പോൾ കേരളത്തിലെ തിയറ്ററുകളിൽ മലയാള സിനിമയിലെ മറ്റൊരു വസന്തകാലം കൂടി വിരിയും എന്ന് പ്രതീക്ഷിക്കാം.!

കോക്ക്ടെയിൽ മറ്റൊരു കോപ്പി ടെയിൽ..!


പകൽ നക്ഷത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരകഥ എഴുതിയ ചിത്രം എന്ന നിലക്കാണു കോക്ക്ടെയിൽ ആദ്യ ദിവസം തന്നെ കാണാം എന്ന് വെച്ചത്. സംവിധായകന്റെ പേരിനേക്കാൾ വലുപ്പത്തിൽ മിലൻ ജലീൽ എന്ന നിർമ്മാതാവിന്റെ പേരു തെളിഞ്ഞു കാണുന്ന പോസ്റ്റർ ഉള്ള ഒരു സിനിമ കാണണമെങ്കിൽ എന്തെങ്കിലുമൊക്കെ ഒരു കാരണം വേണ്ടെ അതാണു അനൂപ് മേനോൻ. പകൽ നക്ഷത്രങ്ങളിൽ മികച്ചതല്ലങ്കിൽ കൂടി ഒരു വ്യത്യസ്ഥത കൊണ്ടു വരാൻ അനൂപിനു കഴിഞ്ഞിരുന്നു. അതു കൊണ്ട് തന്നെ കോക്ക്ടെയിൽ നിരാശപ്പെടുത്തില്ല എന്നാണു കരുതിയിരുന്നത്. പക്ഷെ സിനിമ തുടങ്ങി ആദ്യത്തെ 5 മിനുട്ടിൽ തന്നെ കാര്യം പിടി കിട്ടി. സംഗതി ചൂണ്ടിയതാണു ഹോളിവുഡിൽ നിന്നും. അതോടെ പടം കാണുന്നതിലെ താല്പര്യം നശിച്ചു. കാരണം സീൻ ബൈ സീൻ യാതൊരു മാറ്റവുമില്ലാതെ എടുത്ത് വെച്ചിരിക്കുകയാണു. ക്ലൈമാക്സും അതിലെ ട്വിസ്റ്റുമൊക്കെ നേരത്തെ തന്നെ അറിയാവുന്നത് കൊണ്ട് എങ്ങനെയെങ്കിലും കഴിഞ്ഞു കിട്ടിയാൽ മതി എന്ന അവസ്ഥയായിരുന്നു. മലയാള സിനിമയിലെ ആശയദാരിദ്രം കൊണ്ടാണു എന്ന് തോന്നുന്നു മിക്ക സംവിധായകരും ഇപ്പോൾ പാശ്ചാത്യ സിനിമകളുടെ അനുകരണങ്ങളിലേക്ക് തിരിയുന്നത്.

അനൂപ് മേനോൻ മലയാള സിനിമയിൽ തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചു തുടങ്ങുന്നതിന്റെ ഒരു ആരംഭം ആയിരിക്കും കോക്ക്ടെയിൽ. അടുത്ത കാലത്തായി അഭിനയ സാധ്യത ഒട്ടും ഇല്ലാത്ത വേഷങ്ങൾ ചെയ്യേണ്ടി വന്ന ജയസൂര്യക്ക് ഒരു ആശ്വാസം തന്നെയാണു കോക്ക്ടെയിലിലെ വില്ലൻ ടച്ച് ഉള്ള വേഷം. ജനുവരിയിൽ പുറത്തിറങ്ങിയ ഹാപ്പി ഹസ്ബന്റിനു ശേഷം ഇപ്പോഴാണു സംവൃത സുനിലിന്റെ ഒരു പടം തിയറ്ററുകളിൽ എത്തുന്നത്. ഈ നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ച് വരവ് സംവൃത മികച്ചതാക്കി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളും നന്നായിട്ടുണ്ട്. പ്രിയദർശൻ സിനിമകളുടെ സ്ഥിരം എഡിറ്റർ അരുൺ കുമാർ ആണു ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഗുരുവിന്റെ പാത പിന്തുടർന്നു ശിഷ്യനും കോപ്പിയടിച്ച് ഒരു പരീക്ഷണം നടത്തി. എന്തായാലും പരീക്ഷണത്തിൽ സംവിധായകനും കൂട്ടരും വിജയിച്ചു എന്ന് വേണം പറയാൻ. ആ ഹോളിവുഡ് പടത്തിന്റെ പേരു കളയാത്ത രീതിയിൽ തന്നെ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. ഛായഗ്രാഹകൻ പ്രദീപ് കുമാർ തന്റെ ഒരോ ഫ്രെയ്മിലും ഒരു freshness കൊണ്ടു വരുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഗാനങ്ങൾ ബോറടിപ്പിക്കാത്തവയാണു. എല്ലാം കൊണ്ടും ഒരു നല്ല പ്രമേയം മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കാൻ ഇതിന്റെ അണിയറക്കാർക്ക് സാധിച്ചു. വിവാഹ പൂർവ്വ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ സംസ്കാര സമ്പന്നരായ വളരെയധികം മാന്യന്മാരായ നമ്മൾ മലയാളികൾക്ക് ദഹിക്കുമോ എന്നത് മാത്രമേ ഒരു സംശയമുള്ളു.

ഹോളിവുഡ് സിനിമയുടെ കോപ്പി എന്നത് മാറ്റി നിർത്തിയാൽ ഇത് പ്രശംസ അർഹിക്കുന്ന ഒരു സിനിമ തന്നെയാണു. കോപ്പി അടിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല. നമ്മുടെ സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ മോഷണമാണു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഈ കഥ ഇത് ആദ്യം എഴുതിയ ആൾക്ക് മാത്രമേ ആലോചിക്കാൻ പറ്റു എന്നൊന്നും ഇല്ലല്ലോ എന്നാണു. ആ പറഞ്ഞ പോലെ ഇംഗ്ലീഷ് സിനിമ കാണുമ്പോൾ നമ്മുടെ മറ്റു സംവിധായകർക്കും ഇതു പോലെ തോന്നി ശ്രീനിവാസനെയും പ്രിയദർശനെയുമൊക്കെ മനസ്സിൽ ധ്യാനിച്ച് സിനിമ എടുക്കാൻ തുടങ്ങുന്നതിൽ എന്ത് കുഴപ്പം. മുൻപേ ഗമിക്കുന്ന എന്തിന്റെയോ പിൻപേ .... എന്നാണല്ലോ. പക്ഷെ ചെയ്യുന്നത് പ്രിയദർശൻ ആണെങ്കിലും അനൂപ് മേനോൻ ആണെങ്കിലും മോഷണമാണു എങ്കിൽ പിന്നെ അതു പ്രിയൻ ചെയ്യുന്ന പോലെ ജനപ്രിയമാക്കി ചെയ്തിരുന്നെങ്കിൽ...! അതിനു ഹോളിവുഡ് മാത്രം കണ്ടാൽ പോരാ, ജാപ്പാനീസ് ചൈനീസ് , അംഗോള ഇവിടത്തെയൊക്കെ സിനിമകൾ കാണണം എന്നാലെ നന്നായി ചുരണ്ടാൻ പറ്റു.

*സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആണു പുറത്ത് ഫ്ലക്സ് ബോർഡ് ശ്രദ്ധിച്ചത്. സംഭാഷണം മാത്രം അനൂപ് മേനോൻ..!
*അങ്ങേരാരാ മോൻ...!!

Anwar തീവ്രവാദത്തിന്റെ പുതിയ മുഖം



മലയാള സിനിമയിലെ പതിവു മാമ്മൂലുകൾ പൊട്ടിച്ചെറിഞ്ഞ സിനിമയായിരുന്നു മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ് ബി. രാംഗോപാൽ വർമ്മയുടെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ ആയ അമൽ നീരദ് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. യാതാസ്ഥിതിക സിനിമാ വാദികളുടെ നെറ്റി ചുളിപ്പിച്ചെങ്കിലും ബിഗ് ബി യുവാക്കളുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കിയ ഒരു സിനിമയാണു. അത് കൊണ്ട് തന്നെ അതേ സംവിധായകൻ മോഹൻലാലുമായി ഒന്നിച്ച് അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഇരുപതാം നൂറ്റാണ്ടിലെ സാഗർ എലിയാസ് ജാക്കിയെ പുന:സൃഷ്ടിക്കാൻ ഒരുങ്ങിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് എന്നും ഓർത്തിരിക്കാൻ പറ്റിയ തരത്തിലുള്ള ഒരു സ്റ്റൈലിഷ് സിനിമ ആയിരുന്നു. പക്ഷെ ബിഗ് ബിയിലൂടെ മാറ്റത്തിന്റെ ഒരു ഇടി മുഴക്കം സൃഷ്ടിച്ച അമലിനു സാഗർ എലിയാസ് ജാക്കിയിൽ പിഴച്ചു. ഇടിമുഴക്കം നടന്നത് നിർമ്മാതാവിന്റെ ഹൃദയത്തിൽ ആയിരുന്നു എന്ന് മാത്രം. സാഗർ എലിയാസ് ജാക്കിക്ക് ശേഷം വീണ്ടും ഒരു അമൽ നീരദ് ചിത്രം റിലീസ് ചെയ്തിരിക്കുകയാണു.റെഡ് കാർപ്പറ്റ് ഫിലിംസിന്റെ ബാനറിൽ രാജു സക്കറിയ നിർമ്മിച്ച് മലയാളത്തിലെ യുവാക്കളുടെ ഹരമായ യുവ സൂപ്പർ താരം പ്രത്വിരാജ് നായകനായ Anwar. റിലീസ് ചെയ്ത മുഴുവൻ തിയറ്ററുകളിലെയും വൻ ജനക്കൂട്ടം പ്രിത്വിരാജ് എന്ന നടനു ഇന്ന് മലയാള സിനിമയിലുള്ള താരമൂല്യത്തിന്റെ സാക്ഷ്യപത്രം ആണു. മമ്മൂട്ടിയുടെ വിവരണത്തോട് കൂടിയാണു Anwar ആരംഭിക്കുന്നത്.ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന വിഷയമാണു Anwar കൈകാര്യം ചെയ്യുന്നത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സ്വാധീനത്തിൽ അകപ്പെടുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതീകമാണു Anwar. Anwar നെ സ്വാധീനിക്കുന്ന ബാബു സേട്ട് എന്ന മത നേതാവിന്റെ വേഷം ലാൽ ആണു കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ ഒരു സാമുദായിക നേതാവുമായി സാദൃശ്യം തോന്നിപ്പിക്കുന്ന ഈ വേഷം ലാൽ മികവുറ്റതാക്കി. തീവ്രവാദ കേസുകൾ അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനാണു ഈ സിനിമയിൽ പ്രകാശ് രാജ്. ചെറുതെങ്കിലും സ്റ്റാലിൻ മണിമാരൻ എന്ന കഥാപാത്രം പ്രകാശ് രാജ് നന്നായി അവതരിപ്പിച്ചു. ചിത്രത്തിലെ നായികയായി എത്തുന്ന മമ്മ്തയുടെ ആയിഷ ബീഗം എന്ന കഥാപാത്രം ഈ നടിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ വെച്ച് ശ്രദ്ധിക്കപ്പെടുന്ന ഒന്നാണു.സായ് കുമാർ, തമിഴ് നടൻ സമ്പത്ത്, സലീം കുമാർ, ഗീത, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണി നിരക്കുന്നു. Anwar ആയി എത്തുന്ന പ്രിത്വിരാജ് അവിസ്മരണീയമായ പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. ഇത്രയും എനർജി ലെവലിൽ ഈ നടനെ മുൻപ് ഒരു സിനിമയിലും കണ്ടിട്ടില്ല. മനോഹരമായ ലൊക്കേഷനുകളും ദൃശ്യങ്ങളുമെല്ലാം Anwar എന്ന സിനിമയുടെ മാറ്റ് കൂട്ടുന്നു. ഖല്ബിലെത്തി എന്ന ഗാനം തിയറ്ററിൽ പ്രേക്ഷകരെ ഇളക്കി മറിച്ചു. ഗോപീ സുന്ദർ ഈണമിട്ട ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇതിനോടകം തന്നെ ഇടം പിടിച്ചവയാണു. സിനിമ എന്ന നിലയിൽ ബിഗ് ബിയേക്കാളും സാഗർ എലിയാസ് ജാക്കിയേക്കാളും മികച്ച ഒരു കഥാ തന്തു Anwar നു ഉണ്ടെങ്കിലും അമൽ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ സ്ലോമോഷൻ സീനുകളുടെ ആധിക്യം ചിലപ്പോഴൊക്കെ ആസ്വാദനത്തിൽ കല്ലു കടി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥ പറയാൻ എന്ത് കൊണ്ടാണു അമൽ വേഗത കുറഞ്ഞ ദൃശ്യങ്ങൾ പരീക്ഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചുരുക്കം ചില സീനുകൾ ഒഴിച്ചു നിർത്തിയാൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം ഗംഭീരമാണു. യുവാക്കളെ ഒന്നടങ്കം ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളാണു ഈ സിനിമയിൽ ഉള്ളത്. പുതിയ മുഖം എന്ന ശരാശരി സിനിമ പ്രിത്വി രാജ് എന്ന താരത്തിന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമയായി മാറിയെങ്കിൽ Anwar പ്രിത്വിക്ക് സമ്മാനിക്കുക മറ്റൊരു ഹിറ്റ് ചിത്രം തന്നെയാണു എന്നതിൽ സംശയമില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഒന്നും ഇടം പിടിക്കാൻ സാധിക്കില്ലെങ്കിലും മലയാള സിനിമയിൽ ഒരു സൂപ്പർ താരത്തിന്റെ ഉദയത്തിനു കാരണമായ സിനിമ എന്ന നിലയിൽ Anwar എന്നും ഓർമ്മിക്കപ്പെടും. മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം ഈ സിനിമയിൽ ഉണ്ടായത് ഒരു പക്ഷെ കാലത്തിന്റെ അനിവാര്യത ആയിരിക്കും. പണ്ട് കൈയ്യെത്തും ദൂരത്ത് വെച്ച് സൂപ്പർ താര പദവി സുകുമാരനു നഷ്ടപ്പെടുത്തിയ മമ്മൂട്ടി തന്നെ പ്രിത്വിരാജിനെ മുൻ നിരയിലേക്ക് കൈ പിടിച്ചുയർത്തിയ ചിത്രങ്ങളുടെ ഭാഗമാവുക എന്നത് കാലം കാത്തു വെച്ച നിയോഗമായിരിക്കാം. പ്രിത്വിരാജിന്റെ ചാരം കണ്ടേ അടങ്ങു എന്ന വാശിയുള്ള മലയാള സിനിമയിലെ പ്രമുഖർക്കും അവരുടെ കയ്യിൽ നിന്നും നക്കാപിച്ച വാങ്ങിച്ച് പ്രിത്വി സിനിമകളെ കൂവാൻ നടക്കുന്നവർക്കും Anwar കളിക്കുന്ന തിയറ്ററുകളിലെക്ക് വരാം..അവിടെ വെള്ളിത്തിരയിൽ നിറഞ്ഞ് അവനുണ്ടാവും. Anwar.തിങ്ങി നിറഞ്ഞ പ്രിത്വിരാജ് ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷങ്ങൾക്കിടയിൽ തങ്ങളുടെ കൂവലുകൾ മുങ്ങി പോകുന്നത് കണ്ട് നാണം കെട്ട് ഇക്കൂട്ടർക്ക് മടങ്ങാം..! അതെ വിമർശകർക്ക് ഇനി അസഹിഷ്ണുതയുടെ നാളുകൾ സമ്മാനിച്ച് കൊണ്ട് മലയാള സിനിമയിലെ ഈ യുവ സൂപ്പർ താരത്തിന്റെ പ്രിത്വിരാജ് എന്ന താരരാജകുമാരന്റെ യാത്ര തുടരുന്നു...!


*തിരുമാനിച്ചുറപ്പിച്ച പോലെ തിയറ്ററിൽ ഒരു സംഘം ആളുകൾ കൂവുന്നുണ്ടായിരുന്നു. സിനിമ തുടങ്ങിയപ്പോൾ മുതൽ അവസാനം വരെ ഇവർ കൂവി കൊണ്ടേ ഇരുന്നു. പ്രിത്വി രാജ് എന്ന താരം വളർന്നു വരുന്നത് ആർക്കാണോ ഭീഷണിയാവുന്നത് അവരുടെ റാൻ മൂളികളാണു ഇതിനു പിന്നിൽ എന്നു മനസ്സില്ലാക്കാവുന്നതേ ഉള്ളു. Anwar നു ലഭിക്കുന്ന പ്രേക്ഷക പിന്തുണ ഇക്കൂട്ടരെ എത്രത്തോളം വിറളി പിടിപ്പിച്ചിട്ടുണ്ട് എന്ന് ഓർക്കുട്ട് കമ്യൂണിറ്റികളിലും സിനിമ ഫോറങ്ങളിലും മറ്റും ഈ സിനിമയെ പരമാവധി താറടിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളിൽ നിന്നും തിരിച്ചറിയാം. പക്ഷെ ഇതൊക്കെ മലയാള സിനിമയുടെ നാശത്തിലേക്കെ കൊണ്ടെത്തിക്കു എന്നത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ മനസ്സിലാക്കാതെ പോകുന്നു. നാളെ തങ്ങളുടെ ചിത്രത്തിനും ഇതേ അവസ്ഥ വരുമ്പോൾ മാത്രമാണു കൂലിക്ക് എന്ത് പണിയും ചെയ്യാൻ നടക്കുന്ന ഇവരെ പോലെയുള്ളവരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നവർക്ക് തിരിച്ചറിവുണ്ടാകു...!

**കൊടുത്താൽ ഇപ്പോൾ കൊല്ലത്തെന്നല്ല അങ്ങ് കാലിഫോർണിയയിൽ നിന്ന് വരെ കിട്ടും.. അതെല്ലാവരും ഓർത്താൽ നന്ന്..!!

പോസ്റ്റ്മാൻ അത്ര പോസിറ്റീവ് അല്ല..!






ഷേക്സ്പിയർ MA മലയാളം എന്ന സിനിമക്ക് ശേഷം ഷാജി അസീസ് സംവിധാനം ചെയ്ത പുതിയസിനിമയാണു ഒരിടത്തൊരു പോസ്റ്റ്മാൻ. റിലീസ് ചെയ്തത് ഇപ്പോഴാണെങ്കിലും പോസ്റ്റ്മാൻ ഒരിടത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. കെ ഗിരീഷ് കുമാർ എന്ന തിരകഥാകൃത്ത് വെറുതെ ഒരു ഭാര്യയുടെ തിളക്കത്തിൽ മിന്നി നില്ക്കുന്ന സമയത്താണു ഈ സിനിമയുടെ കടലാസു ജോലികൾ ആരംഭിച്ചത്. വെറുതെ ഒരു ഭാര്യയിലൂടെ ഉണ്ടാക്കിയെടുത്ത പ്രശസ്തി സമസ്ത കേരളത്തിലൂടെയും കാണാക്കണ്മണിയിലൂടെയും കളഞ്ഞു കുളിച്ചപ്പോൾ പോസ്റ്റ്മാൻ മന്ദഗതിയിലായി. ഷാജി അസീസ്എന്ന സംവിധായകനെയും കുഞ്ചാക്കോ ബോബൻ എന്ന നായകനെയും കണ്ട് കൊണ്ട് ആരുംതിയറ്ററിൽ കയറില്ല എന്നറിയാവുന്നത് കൊണ്ടാവാം ഈ സിനിമയിൽ സുപ്രീം സ്റ്റാർ ശരത്ത് കുമാറിനെകൂടി ഉൾപ്പെടുത്തിയത്. ആദ്യം ഈ റോൾ ചെയ്യാൻ ക്ഷണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നെങ്കിലുംസൂപ്പർ ഹിറ്റ് സിനിമകളിൽ മാത്രമെ ഗസ്റ്റ് റോൾ അഭിനയിക്കു എന്ന നിർബന്ധമുള്ള കാരണം കൊണ്ടും റിഗ് ടോണിൽ അഭിനയിക്കാൻ ഉള്ളതു കൊണ്ടും സുരേഷ് ഗോപി പിൻ വാങ്ങി. മമ്മി & മീ, സകുടുബം ശ്യാമള, എൽസമ്മ തുടങ്ങി കുഞ്ചാക്കോ ബോബൻ ഉണ്ടെങ്കിലും സാരമില്ല പടം കാണാം എന്ന നിലപാടിൽ പ്രേക്ഷകർ എത്തിയ സമയത്താണു ഈ സിനിമ റിലീസ് ചെയ്യാൻ അണിയറക്കാർ ധൈര്യം കാണിച്ചത്.
ഒരിടത്തൊരു പോസ്റ്റ്മാൻ. പത്മരാജന്റെ പ്രശസ്തമായ ഒരു ചിത്രത്തെ ഓർമിപ്പിക്കുന്ന പേരു. പേരിൽ ഒരു പത്മരാജൻ ടച്ചൊക്കെ ഉണ്ടെങ്കിലും സിനിമ പക്ഷെ....!!! പേരു സൂചിപ്പിക്കുന്നതു പോലെ ഇത്ഗംഗാധരൻ എന്ന പോസ്റ്റ്മാന്റെ കഥയാണു. ഇവിടെ ഗംഗാധരനായെത്തുന്നത് ഇന്നസെന്റ് ആണു. ഇദ്ദേഹം ഒരു മടിയനാണു. അദ്ദേഹത്തിന്റെ മടി കാരണം അവിടെയുള്ള നാട്ടുകാർ കത്തുകള്‍ കൃത്യ സമയത്ത് കിട്ടാതെ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഗംഗാധരന്റെ മകനാണു രഘു നന്ദൻ(കുഞ്ചാക്കോ) തന്റെ അലസ സ്വഭാവം മകന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലെക്കെത്തുമ്പോഴാണു ഗംഗാധരൻ തന്റെ സ്വഭാവരീതി മാറ്റുന്നത്. അപ്പോഴാണു നമ്മൾ പ്രേക്ഷകർ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. ഇതേ സത്യം എൽസമ്മയിൽ കണ്ട് ഞെട്ടിയിട്ടുള്ളവർ ഇത് കണ്ടാൽ ഞെട്ടാൻ സാധ്യത ഇല്ല. പിന്നീട് കഥയിൽ വഴിത്തിരുവുകളാണു. ഈ കഥയിൽ എവിടെയാണു ശരത്ത് കുമാറിന്റെ റോൾ എന്ന് ചിന്തിച്ചു തലപുണ്ണാക്കണ്ട. സിനിമ തുടങ്ങുമ്പോഴെ ശരത്ത് കുമാറിനെ കാണിക്കുന്നുണ്ട്. യാസിന്‍ മുബാറക്ക് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയാണ് ശരത്ത് കുമാർ ഇതിൽ വേഷമിടുന്നത്. അഭിനയ സാധ്യതകൾ ഒന്നും ഇല്ലാത്ത വേഷമായതു കൊണ്ട് കുഞ്ചാക്കൊ ബോബൻ നന്നായി. ഇന്നസെന്റ് പതിവു പോലെ തന്നെ. കുഞ്ചാക്കോയുടെ നായിക ആയി വരുന്നത് മീരാ നന്ദൻ ആണു. ഒരു സൂപ്പർ ഹിറ്റ് സിനിമയുടെനായികയാവുക എന്ന സ്വപ്നം ഇനിയും മീരക്ക് അകലെയാണു.പഴശിരാജക്ക് ശേഷം തനിക്ക് ലഭിച്ച ഈ വേഷം ശക്തമല്ലങ്കിൽ കൂടി മനോഹരമായി ശരത്ത് കുമാർ അവതരിപ്പിച്ചു. തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയിൽ കോർത്തിണക്കാൻ ഗിരീഷ് കുമാർ ശ്രദ്ധിച്ചിട്ടുണ്ട്. തീവ്രവാദം എന്ന മുഖ്യ പ്രമേയം കൈകാര്യം ചെയ്യുമ്പോഴും ലോട്ടറി മാഫിയക്കെതിരെയും മറ്റുമുള്ള തന്റെ പ്രതിക്ഷേധം ഗിരീഷ് കുമാർ വരച്ചു കാട്ടിയിരിക്കുന്നു. പക്ഷെ ഇതൊന്നും അങ്ങോട്ട്തെളിഞ്ഞു കാണുന്നില്ല എന്നു മാത്രം. അരോചകമായ ഗാനങ്ങൾ ഒരു സിനിമയെ എത്രത്തോളം പ്രതികൂലമായി ബാധിക്കും എന്നതിന്റെ ഉദാഹരണമാണു സിനിമ.കുറവുകൾക്കിടയിലും ഛായാഗ്രഹണം മികവുറ്റതാക്കാൻ ക്യാമറാമാനു കഴിഞ്ഞിട്ടുണ്ട്. സലീം കുമാർ, സുരാജ്, കലാഭവൻ മണി എന്നിവരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലും തഴക്കം വന്ന ഒരു സംവിധായകന്റെ അഭാവം സിനിമയിലുടനീളം നമ്മുക്ക് അനുഭവപ്പെടുന്നുണ്ട്. ഷേക്സ്പിയർ MA എന്ന ചിത്രത്തേക്കാൾ ഒരു പടി മുകളിലെങ്കിലും നില്ക്കുന്ന ഒരു സിനിമ ഒരുക്കാൻ ഷാജി അസീസിനു സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ്ബോക്സും പോസ്റ്റ്മാനുമൊക്കെ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഈസമയത്ത് ഈ സിനിമയും കാലഹരണപ്പെടുവാനാണു സാധ്യത.

*ഇത്തരം സിനിമകൾ നിർമ്മിക്കുന്നവരെ പറഞ്ഞാൽ മതി..!

**
വെറുതെയല്ല സുരേഷ് ഗോപി അഭിനയിക്കാതിരുന്നത്..!!


യന്തിരന്‍ - ഇതൊരു സാധാരണ മഹാത്ഭുതം..!



ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണു ശങ്കർ. രജനി കാന്താകട്ടെ സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ സ്റ്റാറും.ഈ രണ്ട് പ്രതിഭാസങ്ങളും ശിവാജി എന്ന വമ്പൻ ഹിറ്റിനു (?) ശേഷം വീണ്ടും ഒന്നിച്ചപ്പോൾ അതും ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണവും കൂടിയായപ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ പ്രതീക്ഷിച്ചത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന ഒരു സിനിമയാണു. എല്ലാ കലക്ഷൻ റിക്കാർഡുകളും തകർത്തെറിയുന്ന ഒരു പടു കൂറ്റൻ ഹിറ്റ്. എന്നാൽ എവിടെയും ഒന്നും സംഭവിപ്പിക്കാൻ യന്തിരനു കഴിയില്ല, നാഴികക്കല്ലായി മാറും എന്ന് കരുതുന്ന സിനിമ പക്ഷെ ആരാധകർക്ക് കല്ല് കടിയായി തീരും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമ എന്ന നിലയിൽ യന്തിരൻ ഒരു പരാജയമാകും എന്ന നിലയിലുള്ള പ്രചാരണങ്ങൾ സിനിമ റിലീസിനു മുൻപേ തന്നെ തുടങ്ങിയിരുന്നു.തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ഇപ്പോൾ പൊതുവിൽ കഷ്ടകാലം ആണല്ലോ. ആദ്യം കന്തസ്വാമി, പിന്നെ രാവണൻ, ഇപ്പോളിതാ സാക്ഷാൽ സ്റ്റൈൽ മന്നന്റെ യന്തിരനും..! പക്ഷെ ഇതെല്ലാം ഒക്ടോബർ ഒന്നിനു ആദ്യ ഷോ തുടങ്ങി അവസാനിച്ചു കഴിഞ്ഞപ്പോൾ വെറും ജല്പനങ്ങൾ ആയി മാറി. അതെ യന്തിരൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് എന്ന പദവിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. രജനികാന്തിന്റെ ഒരു ചിത്രം പരാജയപ്പെടുക എന്ന കാര്യം ചിന്തിക്കാൻ പോലും ഒരുപാട് കാലം ഉഴിച്ചിലും പിഴിച്ചിലും നടത്തേണ്ടി വരുന്ന തമിഴ് സിനിമ ലോകവും ഒപ്പം മറ്റിടങ്ങളിലെ രജനിയുടെ ആരാധക വൃന്ദവും വൻ ആവേശതിമർപ്പിലാണു. വളരെ നാളുകളായി ശങ്കർ മനസ്സിൽ കൊണ്ട് നടന്ന ഒരു സ്വപ്ന പദ്ധതിയാണു യന്തിരൻ. ഷാരുഖ് ഖാനെയും പിന്നീട് കമൽ ഹാസനെയും വെച്ച് പ്ലാൻ ചെയ്ത ഈ സിനിമ അവസാനം രജനികാന്തിൽ എത്തി ചേരുകയായിരുന്നു. അതൊരു പക്ഷെ കാലത്തിന്റെ അനിവാര്യത ആയിരിക്കാം. കാരണം യന്തിരനിലെ പല സീനുകളും കാണുമ്പോൾ അത് പ്രേക്ഷകർക്ക് ദഹിക്കുന്നത് അവതരിപ്പിക്കുന്നത് രജനികാന്ത് ആണു എന്നത് കൊണ്ട് മാത്രം ആണു. യന്തിരന്റെ കഥ ഇങ്ങനെയാണു. ലോകത്തിലെ ഏറ്റവും മികച്ച ഒരു റോബോർട്ടിനെ ഉണ്ടാക്കുക എന്നതാണു ശാസ്ത്രഞ്ജനായ വാസിഗരയുടെ (രജനി) ആഗ്രഹം. എന്തും ചെയ്യാൻ കഴിവുള്ള ഒരു റോബോർട്ട്. വാസിയുടെ കാമുകിയാണു സന (ആഷ്). അങ്ങിനെ വാസി തന്റെ സ്വരൂപത്തിൽ ഒരു റോബോർട്ടിനെ സൃഷ്ടിക്കുന്നു. അതിനു ചിട്ടി എന്ന് പേരിടുന്നു. അതും രജനികാന്ത്. പക്ഷെ നമ്മളുടെ പഴയ പെരുന്തച്ചൻ കോപ്ലക്സ് അവിടെ ഉടലെടുക്കുന്നു. വാസിയുടെ ബോസ് ആയ പ്രൊഫസർ (ഡാനി) ആണു ഇവിടെ തിലകൻ. ശിഷ്യൻ തന്നെക്കാൾ കേമൻ ആവുമോ എന്ന ഭയന്ന് വാസീക്കെതിരെ കരുനീക്കം നടത്തുന്ന ഡാനി. അതിനെ ചെറുക്കുന്ന വാസീ.. അവസാനം വാസീ തന്നെ ജയിക്കുന്നു തന്റെ സൃഷ്ടി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് പേരും പ്രസക്തിയും നേടുന്നു. ശിഷ്ടക്കാലം സനയുമായി സുഖമായി ജീവിക്കുന്നു....ഇങ്ങനെയൊക്കെ ആവുമായിരുന്നു ഈ സിനിമ, ഇത് സംവിധാനം ചെയ്തത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ.! പക്ഷെ ഇതിന്റെ സംവിധായകൻ ശങ്കർ ആണു. ആ പേരിൽ തന്നെ അടങ്ങിയിരിക്കുന്നു എല്ലാം. അതു കൊണ്ട് തന്നെയാണു വാസീ ഉണ്ടാക്കിയ റോബോർട്ടിനെ മാനുഷിക വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാവുന്നതാക്കി മാറ്റുന്ന രംഗം കണ്ടിട്ടും ഒരാൾ പോലും കൂവാതിരുന്നത്. മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന റോബോർട്ട്. അതായി മാറി ചിട്ടി. മനുഷ്യനായാൽ സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങളിൽ ഒന്നാണു പ്രേമം. അത് കൊണ്ട് തന്നെ അതി സുന്ദരിയായ സനയോട് ചിട്ടിക്ക് പ്രേമം തോന്നിയതിൽ തെറ്റു പറയാനാവില്ല. പക്ഷെ ആ പ്രേമം തന്റെ സൃഷ്ടാവിനോട് തുറന്ന് പറഞ്ഞ ചിട്ടിക്ക് തെറ്റി. കണ്ണിൽ ചോരയില്ലാത്ത വസീ പാവം ചിട്ടിയെ തുണ്ടം തുണ്ടമാക്കി മുറിച്ചു കളഞ്ഞു. അവിടെ നമ്മുടെ വില്ലൻ വീണ്ടും രംഗ പ്രവേശനം ചെയ്യുന്നു. ചിട്ടിയെ തന്റെ വരുതിയിലാക്കിയ ഡാനി സത്യസന്ധനും സൽസ്വഭാവിയും നിഷ്കളങ്കനും സർവ്വോപരി സുന്ദരനുമായ ചിട്ടിയെ ശുദ്ധ വഷളനും ആഭാസനും തെമ്മാടിയും പെണു പിടിയനുമാക്കുന്നു. അങ്ങനെ ചിട്ടി പെണ്ണിനെ പിടിക്കാൻ ഇറങ്ങി തിരിക്കുന്നു. അയ്യേ അതല്ല അതല്ല. തന്റെ കാമുകിയെ കൈക്കലാക്കാൻ എന്നാ ഉദ്ദേശിച്ചത്. അവിടെ വസീ ഇവിടെ ചിട്ടി. അങ്ങനെ പോരാട്ടം ആരംഭിക്കുന്നു. ഇനിയങ്ങോട്ട് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളാണു. അതും തിയറ്ററിൽ തന്നെ ഇരുന്നു ആസ്വദിക്കേണ്ടവ.

ഈ സിനിമയിലെ ആനിമട്രോണിക്സ് അതി ഗംഭീരമാണു. പക്ഷെ ഇതേ ദൃശ്യങ്ങൾ ഒരു ഹോളിവുഡ് സിനിമയിൽ ആണു കാണിക്കുന്നതെങ്കിൽ സായിപ്പിന്റെ കഴിവിനെ കുറിച്ച് വാനോളം പുകഴ്ത്തുന്ന നമ്മൾ പ്രേക്ഷകർ യന്തിരനിലെ സീനുകൾ കണ്ടപ്പോൾ നെറ്റി ചുളിക്കുന്ന മനോഭാവം മാറ്റണ്ടതു തന്നെയാണു. റഹ്മാന്റെ സംഗീതം നന്നായിട്ടുണ്ടെങ്കിലും ഈ എല്ലാ ഗാനങ്ങളും സിനിമയിൽ ആവശ്യമുണ്ടോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു. സംഘട്ടന രംഗങ്ങളിൽ അണ്ണന്റെ ഡ്യൂപ്പ് കസറി. ഇതെല്ലാം സമന്യയിപ്പിച്ചു കൊണ്ട് കാണികൾക്ക് കാഴ്ച്ചയുടെ ഒരു ഉത്സവം തന്നെ ശങ്കർ ഒരുക്കിയിട്ടുണ്ടെങ്കിലും തിരകഥകൃത്ത് എന്ന നിലയിൽ പാസ് മാർക്ക് മാത്രമേ നേടിയുള്ളു. ബലഹീനമായ ഒരു തിരകഥ തന്നെയാണു യന്തിരന്റെ ഏറ്റവും വലിയ ന്യൂനത. കോമൺ സെൻസിനു നിരക്കാത്തതും ലോജിക്കില്ലാത്തതുമായ പല രംഗങ്ങളും ഈ സിനിമയിലുണ്ട്.പക്ഷെ ടെക്നോളജി സിനിമയെ വിഴുങ്ങുന്നേ എന്ന് പറഞ്ഞ് വിലപിക്കുന്നവർ ഓർക്കുക ഇത് ഒരു രജനി കാന്ത് ചിത്രം. 200 കോടി മുടക്കി ഈ സിനിമ എടുക്കാൻ നിർമ്മാതാവ് തയ്യാറായത് രജനി എന്ന ഇന്ത്യൻ സൂപ്പർ സ്റ്റാറിലുള്ള വിശ്വാസം കൊണ്ടു മാത്രമാണു. ആദ്യ ദിവസം ആർത്തിരമ്പി വരുന്ന ലക്ഷകണക്കിനു ആരാധകർ ഒരു രജനി സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്താണു എന്ന് ശങ്കറിനു നന്നായി അറിയാം. അതു കൊണ്ടാണല്ലോ ശിവാജിയിലെ ഒരു ഗാന രംഗം രജനി ആരാധകർക്കായി മാറ്റി വെച്ചത്. രജനികാന്തിന്റെ അമാനുഷികത റോബോർട്ടിലൂടെ അവതരിപ്പിച്ചത് ഈ ആരാധകരെ തൃപ്തിപെടുത്താൻ വേണ്ടി തന്നെയാണു. വിശ്വസിക്കാൻ പ്രയാസമുള്ള രംഗങ്ങൾ ഒന്നുമില്ലെങ്കിൽ പിന്നെന്ത് രജനി സിനിമ.അതു കൊണ്ട് ഒരു ടോട്ടൽ സിനിമ എന്ന നിലയിൽ യന്തിരൻ ശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളുവെങ്കിലും മലയാള സിനിമകളെ തമിഴ് സിനിമകളോടും തമിഴിനെ ബോളിവുഡിനോടും ബോളിവുഡിനെ ഹോളിവുഡ് സിനിമകളോടും താരതമ്യം ചെയ്ത് വാചകമടിച്ചു നില്ക്കാതെ ഇന്ത്യൻ സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം മഹാത്ഭുതങ്ങളുടെ ഭാഗമായ യന്തിരൻ മാനിയായിൽ നമ്മുക്കും പങ്കു ചേരാം...!


*മല പോലെ വന്നത് എലി പോലെ പോകും എന്നായിരുന്നു ചിലരൊക്കെ...!

**ഒരു മലയിൽ നിന്ന് അടുത്ത മലയിലേക്ക് കുതിര വണ്ടി ചാടിച്ച (മുത്തു) തലൈവർക്ക് ഇതൊക്കെ വെറും......!

**അല്ലെങ്കിലും ആന പുറത്തിരിക്കുന്ന നമ്മുടെ അണ്ണനു അങ്ങാടി പട്ടികളെ പേടിക്കണ്ട കാര്യമില്ലല്ലോ..!!!

Followers

 
Copyright 2009 b Studio. All rights reserved.